എൻ.ആർ.ഐ ശതകോടീശ്വരന്മാരേറെയും അമേരിക്കയിലും യു.എ.ഇയിലും; ആദ്യ പത്തിൽ എം.എ യൂസഫലിയും
text_fieldsഗോപിചന്ദ് ഹിന്ദുജ, എം.എ യൂസഫലി
ന്യൂഡൽഹി: ഹുറൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ എൻ.ആർ.ഐ വിഭാഗത്തിൽ ആദ്യ പത്തിൽ ഇടം നേടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. അമേരിക്കയിലെയും യു.എ.ഇയിലെയും പ്രവാസികളാണ് വിദേശ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടിക കൈയടക്കിയത്. 101 പേരുടെ എൻ.ആർ.ഐ ശതകോടീശ്വര പട്ടികയിൽ 48 പേർ അമേരിക്കയിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർ. രണ്ടാമതുള്ള യു.എ.ഇയിൽ നിന്നും 22 പ്രവാസി ഇന്ത്യക്കാരുമുണ്ട്.
ബ്രിട്ടനിൽ നിന്നും 16 പ്രവാസി ഇന്ത്യക്കാരും, സൈപ്രസ്, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ഇടം നേടി. കാനഡ, ചൈന രാജ്യങ്ങളിലെ രണ്ട് ഇന്ത്യക്കാരും 101 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടി. ശേഷിച്ച അഞ്ച് ശതകോടീശ്വരന്മാർ ഇതര രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
1.85 ലക്ഷം കോടി ആസ്തിയുമായി ഹിന്ദുജ ഗ്രൂപ്പ് ഉടമ ഗോപിചന്ദ് ഹിന്ദുജയാണ് ഒന്നാം നമ്പറിലെ എൻ.ആർ.ഐ കോടീശ്വരൻ. 1.75 ലക്ഷം കോടി ആസ്തിയുമായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്ഷ്മി എൻ മിത്തൽ രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ പത്തിൽ ഇടം നേടിയ യു.എ.ഇ ആസ്ഥാനമായ മലയാളി വ്യവസായി എം.എ യൂസഫലി ഒമ്പതാം സ്ഥാനത്താണ്. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്നു റിട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പ് അധിപനായ യൂസഫലിക്ക് 46,300 കോടി രൂപ ആസ്തിയാണ് ‘ഹുറുൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ കണക്കുകൾ പ്രകാരം പറയുന്നത്.
അമേരിക്കയിലെ സാൻജോസ് ആസ്ഥാനമായ ഇസഡ് സ്കേലർ സ്ഥാപകൻ ജേ ചൗധരി മുൻ വർഷത്തേതിൽ നിന്നും മികച്ച നേട്ടവുമായി അഞ്ചിൽ നിന്നും മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 1.46 ലക്ഷം കോടിയാണ് ആസ്തി. ലണ്ടൻ ആസ്ഥാനമായ വേദാന്ത റിസോഴ്സസിന്റെ അനിൽ അഗർവാൾ നാലും, മൊണാകേയിലെ ശപൂർ പല്ലോൻജി മിസ്ത്രി അഞ്ചും സ്ഥാനത്തുണ്ട്. ആദ്യ പത്തിൽ ഏക വനിതയായി അമേരിക്ക ആസ്ഥാനമായ അരിസ്റ്റ നെറ്റ്‍വർക്സ് സി.ഇ.ഒ ജയശ്രീ ഉള്ളാൾ ആണുള്ളത്. 50,170 കോടിയാണ് ഇവരുടെ ആസ്തി.
സെപ്റ്റംബറിൽ പുറത്തുവിട്ട ഫോബ്സ് അതിസമ്പന്ന പട്ടികയിൽ കേരളത്തിൽ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ യൂസുഫലി നേടിയിരുന്നു. പട്ടികയിൽ 548ാം സ്ഥാനത്തായിരുന്നു യൂസുഫലി.
763ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസാണ് പട്ടികയിൽ രണ്ടാമത്. 1021ാം സ്ഥാനത്തുള്ള രവിപിള്ളയാണ് മലയാളികളുടെ പട്ടികയിൽ മൂന്നാമത്. ആഗോളതലത്തിൽ ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

