ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 40 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരെന്ന് പഠനം
text_fieldsന്യൂഡൽഹി: യു.എസ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 40 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരെന്ന് പഠനം. വേൾഡ് ഇൻഈക്വാലിറ്റി ലാബ് സ്റ്റഡി ആണ് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സമ്പത്തിന്റെ അന്തരം പ്രധാനമായും സംഭവിച്ചത് 2014 മുതൽ 15 വരെയും 2022 മുതൽ 23 വരെയുമാണെന്നും പഠനത്തിലുണ്ട്.
'ഇൻകം ആൻഡ് വെൽത്ത് ഇൻഈക്വാലിറ്റി ഇൻ ഇന്ത്യ-1922-2023; ദ റൈസ് ഓഫ് ദി ബില്യണയർ രാജ്' എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിതിൻ കുമാർ ഭാരതി, ലുകാസ് ചാൻസൽ, തോമസ് പികെട്ടി, അൻമോൾ സോമഞ്ചി എന്നിവരാണ് പഠനത്തിന് പിന്നിൽ. 2022-23 കാലഘട്ടത്തിൽ ഈ ഒരു ശതമാനംവരുന്ന ധനാഢ്യർ ഇന്ത്യയിലെ ആകെ വരുമാനത്തിന്റെ 22.6 ശതമാനവും ആകെ സമ്പത്തിന്റെ 40.1 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നു എന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ ആധുനിക ബൂർഷ്വാസി നയിക്കുന്ന കോടീശ്വർ രാജ് ഇപ്പോൾ കൊളോണിയലിസ്റ്റ് ശക്തികളുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് രാജിനെക്കാൾ അസമത്വത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. ഈ രീതിയിലുള്ള സമ്പത്തിന്റെ കേന്ദ്രീകരണം സർക്കാരിനെയും സമൂഹത്തെയും ചെറുതല്ലാത്ത രീതിയിൽ സ്വാധീനിക്കാനും ഇടയുണ്ട്. 2014ൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രധാന രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളുണ്ടായതെന്നും ലേഖകർ നിരീക്ഷിക്കുന്നു. രണ്ടു തവണയും വികസനത്തിന്റെയും സാമ്പത്തിക പരിഷ്‍കാരങ്ങളുടെയും അടിസ്ഥാനത്തിലാണ് ബി.ജെ.പി അധികാരത്തിൽ വന്നതെങ്കിലും കോർപറേറ്റുകളുമായും വൻകിട ബിസിനസുകാരുമായുള്ള ബന്ധം സർക്കാരിനെ സ്വേഛാധിപത്യ രീതിയിലേക്ക് മാറ്റിയെടുത്തതായും അവർ നിരീക്ഷിക്കുന്നു.
ഫോബ്സ് ബില്യണയർ റാങ്കിങ് പട്ടികയിലെ വിവരങ്ങളും പഠനം നടത്തിയവർ പരിശോധിച്ചിട്ടുണ്ട്. അതായത് 100 കോടി രൂപ ആസ്തിയുള്ള ആളുകളുടെ എണ്ണം 1991 ൽ ഒന്ന് ആയിരുന്നിടത്ത് 2022ൽ 162 ആയി വർധിച്ചതായും പഠനത്തിലുണ്ട്.
ഇന്ത്യയിലെ ഈ വരുമാന-ആസ്തി അസമത്വത്തെ കുറിച്ചുള്ള പഠനറിപ്പോർട്ടിൽ കോൺഗ്രസ് ആശങ്കയറിയിച്ചു. ബി.ജെ.പിക്ക് ഫണ്ട് നൽകുന്ന കോർപറേറ്റ് സുഹൃത്തുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തുകൊടുക്കുന്ന നിർലോപ സഹായങ്ങൾ ബ്രിട്ടീഷ് കാലത്തേക്കാൾ അസമത്വം ഇന്ത്യയിൽ ഉണ്ടാക്കിയിരിക്കുന്നുവെന്നാണ് അതിൽ പറയുന്നതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ അതിസമ്പന്ന ഗണത്തിൽപെടുന്ന ഒരു ശതമാനം പേർ സമ്പാദിച്ച ദേശീയ വരുമാന വിഹിതം മുമ്പെന്നത്തേക്കാൾ ഉയർന്നതാണ്; ആഗോളതലത്തിൽതന്നെ ഏറ്റവും ഉയർന്നതാണ്. സമ്പന്നരെ പരിപോഷിപ്പിക്കുക, പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കുക, കണക്കുകൾ ഒളിപ്പിച്ചുവെക്കുക എന്നിവ സർക്കാറിന്റെ നയമായി മാറി. മിക്ക കരാറുകളും ഏതാനും കോർപറേറ്റുകൾക്ക് നൽകുകയാണ്. റെക്കോഡ് ഡിസ്കൗണ്ടിൽ അതേ കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ പൊതു ആസ്തികൾ വിൽക്കുന്നു. ഈ കമ്പനികൾ ഭീമമായ തുക ഭരണകക്ഷിക്ക് നൽകുന്നു. നോട്ട് അസാധുവാക്കൽ, അശാസ്ത്രീയ ജി.എസ്.ടി നടപ്പാക്കൽ എന്നിവയും പരിസ്ഥിതി, ഭൂമി ഏറ്റെടുക്കൽ, തൊഴിൽ, കാർഷിക നിയമങ്ങളും സഹസ്രകോടീശ്വര വാഴ്ചക്ക് വേണ്ടിയായിരുന്നു. റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ ഇക്കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. അദാനി ഗ്രൂപ് അടക്കം അഞ്ചു പ്രമുഖ കോർപറേറ്റുകളുടെ വളർച്ച 40 മേഖലകളിൽ കുത്തകസൃഷ്ടിക്ക് വഴിയൊരുക്കിയെന്നും, അതാണ് നിലവിലെ വിലക്കയറ്റത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

