ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങൾ: ആദ്യ അമ്പതിൽ എട്ടെണ്ണം ഇന്ത്യയിൽ
text_fieldsബംഗളൂരു: ടോംടോം ട്രാഫിക് ഇൻഡക്സ് 2025 പുറത്തുവിട്ട പുതിയ ഡാറ്റ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് കുരുക്കുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. ആദ്യ 50 നഗരങ്ങളിൽ 8 എണ്ണമാണ് ഇന്ത്യയിൽ നിന്ന് ഇടംനേടിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളെക്കാൾ കൂടുതലാണിത്. പട്ടികയിൽ ബംഗളൂരു ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. പുണെ, കൊൽക്കത്ത, ജയ്പൂർ, ചെന്നൈ, മുംബൈ, ന്യൂഡൽഹി, ഹൈദരാബാദ് എന്നീ നഗരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ബംഗളൂരു ആഗോളതലത്തിൽ രണ്ടാമത്
ഇൻഡക്സ് പ്രകാരം 76% ഗതാഗതക്കുരുക്കുമായി മെക്‌സിക്കോ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 74% കുരുക്കുമായി ബംഗളൂരു തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. ബംഗളൂരുവിൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഡ്രൈവർമാർക്ക് ശരാശരി 3 മിനിറ്റും 37 സെക്കൻഡും വേണ്ടിവരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ട്രാഫിക് ബ്ലോക്ക് കാരണം യാത്രക്കാർക്ക് ദിവസവും 39 മിനിറ്റാണ് നഷ്ടപ്പെടുന്നത്. ഇന്ത്യൻ നഗരങ്ങളിലെ യാത്രക്കാർക്ക് ദിവസവും 30 മുതൽ 40 മിനിറ്റ് വരെ നഷ്ടപ്പെടുന്നുണ്ടെന്നും ഇത് ഒരാളുടെ ഉണർന്നിരിക്കുന്ന സമയത്തിന്‍റെ ഏകദേശം 3 മുതൽ 4% വരുമെന്നും ഇൻഡക്സ് ചൂണ്ടിക്കാണിച്ചു.
ആഗോളതലത്തിൽ ആദ്യ 50ൽ ഉൾപ്പെട്ട ഇന്ത്യൻ നഗരങ്ങൾ:
ബംഗളൂരു – 2ാം സ്ഥാനം (74% ഗതാഗതക്കുരുക്ക്)
പൂനെ – 5ാം സ്ഥാനം (71%)
മുംബൈ – 18ാം സ്ഥാനത്ത് (63%)
ന്യൂഡൽഹി – 23ാം സ്ഥാനത്ത് (60%)
കൊൽക്കത്ത – 29ാം സ്ഥാനത്ത് (59%)
ജയ്പൂർ – 30ാം സ്ഥാനത്ത് (59%)
ചെന്നൈ – 32ാം സ്ഥാനത്ത് (59%)
ഹൈദരാബാദ് – 47ാം സ്ഥാനത്ത് (56%)
റോഡ് സൗകര്യങ്ങളെക്കാൾ വേഗത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത് നഗര ഗതാഗത സംവിധാനങ്ങളിൽ വലിയ സമ്മർദമാണ് ഉണ്ടാക്കുന്നത്.
ഗതാഗതക്കുരുക്കിന്‍റെ സാമ്പത്തിക ആഘാതം
ട്രാഫിക് ബ്ലോക്ക് എന്നത് ഒരു അസൗകര്യം മാത്രമല്ല. നീണ്ട യാത്രാവേളകൾ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത കുറക്കുകയും ഇന്ധന ഉപഭോഗവും ലോജിസ്റ്റിക് ചെലവുകളും വർധിപ്പിക്കുകയും ചെയ്യുന്നു. ജീവനക്കാർക്ക് ദിവസവും നഷ്ടപ്പെടുന്ന 30 മുതൽ 40 മിനിറ്റ് സമയം ഒരു വർഷത്തിൽ 200 മണിക്കൂറിലധികം വരും. കുടുംബത്തോടൊപ്പമോ വ്യായാമത്തിനോ പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ വിനിയോഗിക്കേണ്ട സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.
ആരോഗ്യപരവും പാരിസ്ഥിതികവുമായ ആഘാതം
തുടർച്ചയായി ബ്രേക്ക് ഇട്ട് മുന്നോട്ട് പോകേണ്ടി വരുന്ന ട്രാഫിക് അന്തരീക്ഷം മാനസിക സമ്മർദവും ക്ഷീണവും വർധിപ്പിക്കുന്നു. കൂടാതെ, നിശ്ചലാവസ്ഥയിൽ കിടക്കുന്ന വാഹനങ്ങളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡിന്‍റെയും മറ്റ് മലിനീകരണ വസ്തുക്കളുടെയും പുറന്തള്ളൽ വർധിക്കുകയും അത് വായു മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

