വാഹനങ്ങൾ നിർത്താതെ ടോൾ പിരിക്കുന്ന സംവിധാനം; ഫെബ്രുവരി-മാർച്ചിൽ നിലവിൽ വരുമെന്ന് നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: രാജ്യത്തെ ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്താതെത്തന്നെ ടോൾ ഈടാക്കുന്ന തടസ്സരഹിത ‘മൾട്ടി-ലൈൻ ഫ്രീ ഫ്ലോ’ സംവിധാനം അടുത്ത ഫെബ്രുവരി-മാർച്ച് മാസത്തോടെ നിലവിൽവരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഈ ഡിസംബറോടെ പദ്ധതിയുടെ 60 മുതൽ 70 വരെ ശതമാനം ജോലികൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
റോഡിന് കുറുകെ സ്ഥാപിക്കുന്ന പ്രത്യേക ഓവർഹെഡ് ഗാൻട്രികൾ വഴി വാഹനം സാധാരണ വേഗത്തിൽ കടന്നുപോകുമ്പോൾതന്നെ ടോൾ ഈടാക്കുന്നതാണ് ഈ സംവിധാനം. ഡൽഹിയിലെ മുണ്ട്ക-ബക്കർവാലയിൽ നിലവിൽ ഇത്തരം ആദ്യ സംവിധാനം ഉദ്ഘാടനം ചെയ്തുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് ഒഴിവാക്കുന്നതുവഴി ഇന്ധന ലാഭവും സമയലാഭവും ഒരുപോലെ നേടാനാകും.
ടോൾ പ്ലാസകളുടെ നടത്തിപ്പ് ചെലവ് 12-15 ശതമാനത്തിൽനിന്ന് 2-4 ശതമാനമായി കുറക്കുന്നതിലൂടെ പ്രതിവർഷം 6000 മുതൽ 7000 വരെ കോടി രൂപ ലാഭിക്കാൻ സാധിക്കും. ഫാസ്റ്റ് ടാഗ് വന്നതോടെ യാത്രാസമയത്തിലും ടോൾ പിരിവിലും വലിയ മാറ്റങ്ങളുണ്ടായെന്നും, ഇതിന്റെ അടുത്ത ഘട്ടമാണ് പൂർണമായും തടസ്സമില്ലാത്ത പുതിയ ടോൾ രീതി എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

