മയക്കുമരുന്ന് കേസ്: കരൺ ജോഹറിനെ പ്രതിചേർത്ത് പറയാൻ എൻ.സി.ബി സമ്മർദ്ദം ചെലുത്തി -ക്ഷിതിജ് പ്രസാദ്
text_fieldsമുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനെ പ്രതിചേർത്ത് പറയാൻ നാർകോട്ടിക്സ് കൺേട്രാൾ ബ്യൂറോ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന് അറസ്റ്റിലായ നിർമാതാവ് ക്ഷിതിജ് പ്രസാദ്. കരൺ ജോഹറിന് പങ്കുണ്ടെന്ന് പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചു. അദ്ദേഹത്തെ പ്രതിചേർത്ത് പറഞ്ഞാൽ കേസിൽ നിന്ന് തന്നെ ഒഴിവാക്കാമെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും ക്ഷിതിജ് പ്രസാദ് അഭിഭാഷകൻ മുഖേന ബോംബെ ഹൈകോടതിയെ അറിയിച്ചു.
കരൺ ജോഹർ, സൊമേൽ മിശ്ര, രാഖി, അപൂർവ്വ, നീരജ്, രാഖിൽ എന്നവരെ പ്രതിചേർക്കാൻ സഹായിച്ചാൽ കേസിൽ നിന്നൊഴിവാക്കാമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. അതിന് വിസമ്മതിച്ചപ്പോൾ
അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങി തെറ്റായി ആരെയും കേസിൽ ഉൾപ്പെടുത്താൻ ആകില്ലെന്നും അഭിഭാഷകൻ സതീഷ് മനേഷിൻഡെ വഴി ക്ഷിതിജ് കോടതിയെ അറിയിച്ചു.
അന്വേഷണ ഉദ്യേഗസ്ഥനായ സമീർ വാങ്ക്ഡെ ഭീഷണിപ്പെടുത്തിയതായും ക്ഷിതിജ് വെളിപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി. മറ്റ് ഉദ്യോഗസ്ഥരും അത്തരത്തിൽ തന്നെയാണ് പെരുമാറിയതെന്നും ക്ഷിതിജ് ആരോപിച്ചു.
കരൺ ജോഹറിെൻറ നിർമാണ കമ്പനിയിലെ എക്സിക്യൂട്ടീവ് പ്രെഡ്യൂസറായ ക്ഷിതിജ് പ്രസാദ് വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കഞ്ചാവും പിടിച്ചെടുത്തിരുന്നു.

