ഓഹരി വിപണിയിൽ ഇന്ന് മുഹൂർത്ത വ്യാപാരം
text_fieldsമുംബൈ: ദീപാവലിയോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിക്ക് അവധിയാണെങ്കിലും മുഹൂർത്ത വ്യാപാരത്തിനായി ചൊവ്വാഴ്ച ഒരു മണിക്കൂർ പ്രവർത്തിക്കും.
ചൊവ്വാഴ്ച ഉച്ചക്ക് 1.45 മുതൽ 2.45 വരെയാണ് ഈ വർഷം മുഹൂർത്ത വ്യാപാരം. മുൻവർഷങ്ങളിൽ വൈകുന്നേരമായിരുന്നു. പുതുവർഷാരംഭം നിക്ഷേപത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും ശുഭമുഹൂർത്തമാണെന്ന ഹിന്ദു വിശ്വാസമാണ് മുഹൂർത്ത വ്യാപാരത്തിന്റെ അടിസ്ഥാനം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതലും നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിൻ രാജാവായിരുന്ന വിക്രമാദിത്യൻ തുടക്കം കുറിച്ച കലണ്ടർ വർഷമാണ് സംവത്. സംവത്-2081 തിങ്കളാഴ്ച അവസാനിച്ച് പുതുവർഷം ആരംഭിക്കുകയാണിന്ന്. മുഹൂർത്ത വ്യാപാരത്തിൽ നിഫ്റ്റി റെക്കോർഡ് ഉയരം താണ്ടുമെന്ന പ്രതീക്ഷയാണ് നിക്ഷേപകർക്കുള്ളത്.
കറൻസി ഡെറിവേറ്റിവ് വിപണിക്കും രണ്ടുദിവസം അവധിയായിരിക്കും. എന്നാൽ, കമ്മോഡി ഡെറിവേറ്റിവ് വിഭാഗം ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകീട്ട് അഞ്ചു മുതൽ 11.55 വരെ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

