സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചിട്ട് ഇന്നേക്ക് ആറ് വർഷം
text_fieldsന്യൂഡൽഹി: മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചിട്ട് ഇന്നേക്ക് ആറ് വർഷം. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി സർക്കാറിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിന്‍റെ പേരിൽ പ്രതികാര നടപടികൾ നേരിടുന്നതിനിടെയാണ്, 2018ൽ 22 വർഷം മുമ്പ് നടന്ന സംഭവത്തിൽ അറസ്റ്റ് ചെയ്തത്. 2018 മുതൽ ജയിലിൽ കഴിയുന്ന ഭട്ടിന് ജാമ്യം അനുവദിച്ചിട്ടില്ല.
നീതിക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരുമെന്ന് സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. 'സഞ്ജീവ് ഭട്ടിന്‍റെ അന്യായമായ തടവുശിക്ഷ ഇന്ന് ആറ് വർഷം തികയുകയാണ്. അദ്ദേഹത്തിന്‍റെ ധാർമികതയെ ഇല്ലാതാക്കാൻ അവർ ശ്രമിക്കും. കാരണം, തന്‍റെ സത്യങ്ങളാൽ അദ്ദേഹം അവർക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു' -ശ്വേത ഭട്ട് പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ 2002ലെ ഗുജറാത്ത് വംശഹത്യക്ക് ഒത്താശ ചെയ്തു എന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. എന്നാൽ, ഭട്ട് ഉൾപ്പെടെയുള്ളവരുടെ വാദങ്ങൾ സുപ്രീംകോടതി തള്ളുകയും മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഞ്ജീവ് ഭട്ടിന്‍റെ അറസ്റ്റ്.
മുറിയിൽ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിൽ സഞ്ജീവ് ഭട്ടിനെ 20 വർഷത്തെ തടവിനാണ് ഗുജറാത്തിലെ പാലൻപൂർ സെഷൻസ് കോടതി ശിക്ഷിച്ചത്. 1996ൽ ബനസ്കന്ധ എസ്.പിയായിരുന്നപ്പോൾ രാജസ്ഥാനിലെ പാലി സ്വദേശിയായ അഭിഭാഷകനെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ 1.15 കിലോഗ്രാം മയക്കുമരുന്ന് വെച്ച് കുടുക്കിയെന്നാണ് കേസ്.
ഗുജറാത്ത് ഹൈകോടതി ഉത്തരവിനെ തുടർന്നാണ് 2018ൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) കേസ് അന്വേഷിച്ചിരുന്നത്. സംഭവം നടന്ന് 22 വർഷത്തിന് ശേഷം 2018 സെപ്റ്റംബർ 20ന് ഭട്ട് അറസ്റ്റിലായി. ഹരജിക്കാരനായ പൊലീസ് ഇന്‍സ്പെക്ടര്‍ ഐ.ബി. വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഭട്ടിനെതിരെ മൊഴിനല്‍കി മാപ്പുസാക്ഷിയാവുകയായിരുന്നു.
ജാംനഗറില്‍ അഡീഷനല്‍ സൂപ്രണ്ട് ആയിരിക്കെ കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ മരിച്ചത് കസ്റ്റഡി പീഡനത്തെ തുടര്‍ന്നായിരുന്നു എന്ന കേസിൽ 2018 സെപ്റ്റംബര്‍ അഞ്ചിന് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 2019ല്‍ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ കണ്ണിലെ കരടാവുന്നത്. തുടർന്ന് അദ്ദേഹത്തിനെതിരായ കേസുകള്‍ ബി.ജെ.പി സർക്കാർ സജീവമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

