ഗ്രാമ-നഗര വികസനം: പഞ്ചായത്തുകൾക്ക് 1,500 കോടി അനുവദിച്ച് കശ്മീർ ഭരണകൂടം
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ ഗ്രാമ-നഗര വികസന പ്രവർത്തനങ്ങൾക്കായി 1,584.25 കോടി അനുവദിച്ച് കശ്മീർ ഭരണകൂടം. താഴെത്തട്ടിലുള്ള ജനാധിപത്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തീരാജ്, നഗര തദ്ദേശ സ്ഥാപനങ്ങൾ, ജില്ലാ വികസന കൗൺസിലുകൾ, ബ്ലോക്ക് വികസന കൗൺസിലുകൾ എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്.
4290 ഗ്രാമപഞ്ചായത്തുകൾക്ക് 1000 കോടിയും 20 ജില്ലാ വികസന കൗൺസിലുകൾക്ക് (ഡി.ഡി.സി) 200 കോടിയും ഓരോ ഡി.ഡി.സിക്കും 10 കോടി വീതവും 285 ബ്ലോക്ക് ഡവലപ്മെന്റ് കൗൺസിലുകൾക്ക് (ബി.ഡി.സി) 25 ലക്ഷം നിരക്കിൽ 71.25 കോടി രൂപയും ഗ്രാന്റായി നൽകും. ഓരോ ബ്ലോക്ക് ഡവലപ്‌മെന്റ് കൗൺസിലിനും (ബി.ഡി.സി) ഗ്രാമ-നഗര വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി 30 നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് 313 കോടി രൂപ നൽകും.
27 വകുപ്പുകളുടെ പ്രവർത്തനങ്ങൾ പഞ്ചായത്തുകളിലേക്കും ഏഴെണ്ണം നഗര തദ്ദേശസ്ഥാപനങ്ങളിലേക്കും മാറ്റി. എം.ജി.എൻ.ആർ.ഇ.ജി.എയുടെ കീഴിൽ 14-ാം ധനകാര്യ കമീഷൻ, ഉച്ചഭക്ഷണ പദ്ധതി, സംയോജിത ശിശുവികസന പദ്ധതി (ഐ.സി.ഡി.എസ്) എന്നിവ പ്രകാരം ഏകദേശം 1,727.50 കോടി പഞ്ചായത്തുകൾക്കായി വിനിയോഗിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,455.62 കോടി നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുകയും 1,889 പഞ്ചായത്ത് അക്കൗണ്ട്സ് അസിസ്റ്റന്റുമാരെയും നിയമിക്കുകയും ചെയ്തിട്ടുണ്ട്.
"ബാക്ക് ടു വില്ലേജ്", "മൈ ടൗൺ മൈ പ്രൈഡ്", "ജൻ-അഭിയാൻ", "ബ്ലോക്ക് ദിവസ്" എന്നീ സംരംഭങ്ങളിലൂടെ സുതാര്യവും പ്രതികരണശേഷിയുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഭരണം നൽകി സർക്കാർ പരിപാടികളും സംരംഭങ്ങളും ജനങ്ങളുടെ വാതിൽപ്പടിയിൽ എത്തിക്കുക എന്നതാണ് ജമ്മു കശ്മീർ സർക്കാറിന്റെ ലക്ഷ്യം.
73 കേന്ദ്രമന്ത്രിമാരും വിവിധ പാർലമെന്റ് കമ്മിറ്റികളും കശ്മീരിലെ എല്ലാ ജില്ലകളിലും പൊതുജന ആശയ വിനിമയത്തിനായി സന്ദർശനം നടത്തുകയും സർക്കാർ നയങ്ങളെക്കുറിച്ച് ഗ്രാസ് റൂട്ട് ലെവൽ ഫീഡ്‌ബാക്ക് ശേഖരിച്ചു കൊണ്ട് കഴിഞ്ഞ വർഷം ജമ്മു കശ്മീരിലുടനീളം ഒരു വലിയ ജനസമ്പർക്ക പരിപാടി നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളിലെ മറ്റ് പ്രധാന പങ്കാളികളുമായും ആശയവിനിമയം നടത്തി ഭരണം മെച്ചപ്പെടുത്താനും വിവിധ വികസന പദ്ധതികളുടെയും സംരംഭങ്ങളുടെയും നടത്തിപ്പും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനകം ജില്ലാതലത്തിൽ പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമത വിലയിരുത്തുന്നതിനായി ഒരു ഡിസ്ട്രിക്റ്റ് ഗുഡ് ഗവേണൻസ് ഇൻഡക്‌സ് ഉള്ള രാജ്യത്തെ സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ ഉള്ള ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശമായി ജമ്മു കശ്മീർ മാറി. ഈ സൂചിക ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റിൽ സുതാര്യതയും ഉത്തരവാദിത്തവും വളർത്തുകയും പൗരന്മാരുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യും.
രാജ്ഭവൻ ഉൾപ്പെടെയുള്ള സിവിൽ സെക്രട്ടേറിയറ്റുകളിൽ ഇ-ഓഫീസ് നടപ്പാക്കി. 2022-23ൽ ജമ്മു കശ്മീരിലെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് നടപ്പാക്കും. എല്ലാ ജീവനക്കാരുടെയും വാർഷിക സ്വത്ത് റിട്ടേണുകൾ അപ്‌ലോഡ് ചെയ്യുന്നതിനായി ഓൺലൈൻ സംവിധാനം സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരുടെയും കാര്യത്തിൽ ഒരു ഓൺലൈൻ വാർഷിക പ്രകടന റിപ്പോർട്ട് സംവിധാനം സൃഷ്ടിക്കും.
വെർച്വൽ ഇൻസ്പെക്ഷൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇ-ഓഡിറ്റ് അവതരിപ്പിക്കും. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ 20 ജില്ലകളിലെയും ജമാബന്ദി, ഗിർദാവാരി, മ്യൂട്ടേഷൻ, മുസാവി എന്നിവയുടെ സ്കാൻ ചെയ്ത ഡാറ്റ സാധാരണ പൗരന്മാർക്ക് ലഭ്യമാക്കുന്ന ചരിത്രപരമായ ഒരു സംരംഭം "ആപ്കി സമീൻ ആപ്കി നിഗ്രാനി" ആരംഭിച്ചു. ഭൂവുടമകളുടെ ശാക്തീകരണത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി ലാൻഡ് പാസ്‌ബുക്കുകൾ മൂന്ന് ഭാഷകളിൽ വിതരണം ചെയ്തതായും കശ്മീർ ഭരണകൂടം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

