വഹാബ് പാർട്ടിയെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു –മുഹമ്മദ് സുലൈമാൻ
text_fieldsമുഹമ്മദ് സുലൈമാൻ
ന്യൂഡൽഹി: മുസ്ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി നിയന്ത്രണത്തിലാക്കിയപോലെ ഐ.എൻ.എല്ലിനെ സ്വന്തം നിയന്ത്രണത്തിലാക്കാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ശ്രമിച്ചതാണ് ഞായറാഴ്ചത്തെ സംഭവങ്ങളിൽ കലാശിച്ചതെന്ന് ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് സുലൈമാൻ. പാർട്ടിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം 'മാധ്യമ'ത്തിന് നൽകിയ അഭിമുഖത്തിൽ നിന്ന്:
? ഐ.എൻ.എൽ ദേശീയ നേതൃത്വവും ഇടതുമുന്നണിയും ഇരുവിഭാഗങ്ങളോടും രമ്യതയിൽ പോകാൻ ആവശ്യപ്പെട്ടിട്ടും ഇത്തരമൊരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിയതെങ്ങനെയാണ്?
•പ്രഫ. എ.പി. അബ്ദുൽ വഹാബ് എന്നെ ഫോണിൽ വിളിച്ച് വർക്കിങ് കമ്മിറ്റിക്ക് ഒരു ദിവസം മൂമ്പ് സെക്രട്ടേറിയറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് രാവിലെ ഒമ്പതു മണിക്കും അതിനുശേഷം വർക്കിങ് കമ്മിറ്റിയും നടക്കട്ടെ എന്ന എെൻറ നിർദേശം വഹാബും അംഗീകരിച്ചു. മന്ത്രി അഹ്മദ് ദേവർകോവിലിനെ പരാജയപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് തൊട്ടുമുമ്പത്തെ വർക്കിങ് കമ്മിറ്റി തീരുമാനിച്ചതുമാണ്. ചില ആരോപണങ്ങൾ വഹാബിനെതിരെയുമുണ്ടായിരുന്നു. ആരോപണം അടിസ്ഥാനരഹിതമായിരുന്നു.
? വഹാബും ഐ.എൻ.എൽ സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചിരുന്നോ?
• ഇല്ല. 20 ലക്ഷം നൽകിയാൽ കാസർകോട് മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ കോട്ടയത്തെ പാർട്ടി ഭാരവാഹിക്ക് വഹാബ് ടിക്കറ്റ് വാഗ്ദാനം ചെയ്തുവെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് വഹാബ് എന്നോട് പരാതിപ്പെട്ടപ്പോൾ ആ വിഷയവും അന്വേഷിക്കാൻ വർക്കിങ് പ്രസിഡൻറിനോട് ആവശ്യപ്പെട്ടു. വഹാബിനെതിരായ ആരോപണം തെറ്റാണെന്നാണ് വ്യക്തമായത്.
? കാസിം ഇരിക്കുർ വിഭാഗം പി.എസ്.സി അംഗമാക്കാൻ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും ദേവർകോവിലിെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.വി. അബ്ദുൽ വഹാബിൽനിന്ന് ഫണ്ട് വാങ്ങിയെന്നുമുള്ള ആരോപണവുമുണ്ടല്ലോ?
•പി.എസ്.സി അംഗത്വത്തിനായി കോഴ വാങ്ങിയ ആരോപണം തെറ്റാണെന്ന് സംസ്ഥാന സർക്കാറും പാർട്ടിയും കണ്ടെത്തിയതാണ്. ദേവർകോവിലിെൻറ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച ആരോപണവും ശരിയല്ല. യോഗം നിയന്ത്രിക്കേണ്ടതിനുപകരം ബഹിഷ്കരിച്ച് വഹാബ് മാധ്യമങ്ങളോട് പരസ്യമായി സംസാരിച്ചത് ചട്ടവിരുദ്ധമാണ്. അദ്ദേഹത്തെ പ്രസിഡൻറ് സ്ഥാനത്തു നിന്ന് പുറത്താക്കുകയാണ് ഞാൻ ചെയ്തത്. പാർട്ടിയിൽനിന്ന് പുറത്താക്കിയത് വർക്കിങ് കമ്മിറ്റിയാണ്.
? കാസിം ഇരിക്കൂർ ജനറൽ സെക്രട്ടറിയായശേഷമാണ് പാർട്ടിയിൽ പ്രശ്നങ്ങൾ തുടങ്ങിയത് എന്നാണല്ലോ വഹാബ് പറയുന്നത്?
• പാർട്ടിയെ സ്വന്തം പോക്കറ്റിലാക്കാൻ വഹാബാണ് നോക്കിയത്. അഹ്മദ് ദേവർകോവിൽ പോലും പാർട്ടിയിൽ വേണ്ട എന്നു കരുതിയ ആളാണ് വഹാബ്. മുസ്ലിംലീഗിൽ കുഞ്ഞാലിക്കുട്ടി നിയന്ത്രണം ഏറ്റെടുത്തപോലെ ഐ.എൻ.എല്ലിെൻറ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കാനാണ് വഹാബ് ആഗ്രഹിച്ചത്. അഖിേലന്ത്യ കമ്മിറ്റിയെ തരംതാഴ്ത്താനാണ് ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

