Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മതസൗഹാർദം തകരും’; തിരുപ്പറകുൺറം വിധി സ്റ്റേ ചെയ്യാൻ തമിഴ്നാട് സുപ്രീംകോടതിയിൽ

text_fields
bookmark_border
‘മതസൗഹാർദം തകരും’; തിരുപ്പറകുൺറം വിധി സ്റ്റേ ചെയ്യാൻ തമിഴ്നാട് സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപ്പറകുൺറം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തരവ് നടപ്പാക്കിയാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും മതസൗഹാർദം തകരാൻ സാധ്യതയുണ്ടെന്നുമാണ് സർക്കാരിന്റെ വാദം.

മധുരയിലെ തിരുപ്പറകുൺറം മലയിൽ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിലാണ് തർക്കം. ഇവിടെ കാർത്തിക ദീപം തെളിയിക്കാൻ അനുമതി നൽകണമെന്ന ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, കഴിഞ്ഞ 150 വർഷത്തിലേറെയായി ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാർത്തിക ദീപം തെളിയിക്കുന്നതെന്നും ഇതാണ് പരമ്പരാഗത ആചാരമെന്നും തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്നത് നിലവിലുള്ള ആചാരത്തിന്റെ ഭാഗമാണെന്നതിന് തെളിവില്ലെന്ന് സർക്കാർ വ്യക്തമാക്കി.

അതേസമയം, ദീപത്തൂണിൽ വിളക്ക് തെളിയിക്കുന്നത് ഭക്തരുടെ മതപരമായ അവകാശമാണെന്നാണ് ഹർജിക്കാരുടെ നിലപാട്. ചടങ്ങിന് പൊലീസ് സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ക്ഷേത്രവും മലയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ക്ഷേത്രത്തിന്റെ നിലവിലുള്ള ഭരണസംവിധാനത്തെ ബാധിക്കുന്നതാണ് ഈ ആവശ്യമെന്നാണ് സർക്കാരിന്റെ വാദം.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യത്തിൽ തീരുമാനമായിട്ടില്ല.ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുൽ എം. പഞ്ചോളിയും ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നവംബർ 17ന് ഒന്നര മണിക്കൂറിലേറെ വാദം കേട്ടു. എന്നാൽ, നവംബർ 18ന് ഉച്ചയ്ക്ക് രണ്ടിന് വാദം തുടരും. നവംബർ 24-ന് കാർത്തിക ദീപം നടക്കാനിരിക്കെ അതിന് മുമ്പ് സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തിൽ നിർണായകമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - TN Seeks Stay on Thiruparankundram Deepam Order
Next Story