തമിഴ്നാട്ടിൽ വൻകിട നിർമാണ പദ്ധതികൾക്ക് പുതിയ പൊതുമേഖലാ സ്ഥാപനം
text_fieldsചെന്നൈ: വൻകിട അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ വേഗത്തിലാക്കാനും ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമിയിൽനിന്ന് വരുമാനം കണ്ടെത്താനും പുതിയ പൊതുമേഖലാ സ്ഥാപനം രൂപീകരിച്ച് തമിഴ്നാട് സർക്കാർ. 200 കോടി രൂപക്ക് മുകളിൽ ചെലവുവരുന്ന സർക്കാർ നിർമാണ പദ്ധതികൾ ഏറ്റെടുക്കുന്നതിനായി തമിഴ്നാട് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ (TNICC) എന്ന പേരിലാണ് സ്ഥാപനം രൂപീകരിച്ചത്. പൂർണമായും സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായാണ് ഇത് പ്രവർത്തിക്കുക.
സംസ്ഥാനത്തെ വൻകിട നിർമാണ പദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. സർക്കാർ വകുപ്പുകൾക്കായി 200 കോടി രൂപക്ക് മുകളിൽ ചെലവുള്ള നിർമാണ പ്രവർത്തനങ്ങളുടെ ടെൻഡറുകൾ ക്ഷണിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കോർപറേഷനായിരിക്കും. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ കരാറുകാർക്കാണ് നൽകുക. പദ്ധതികളുടെ രൂപരേഖ തയ്യാറാക്കൽ, ആർക്കിടെക്ചറൽ ഡിസൈൻ, പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി, ഗുണനിലവാര പരിശോധന തുടങ്ങിയ സേവനങ്ങളും സ്ഥാപനം നൽകും.
ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമിയിൽ വരുമാനം ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കാനും സ്ഥാപനം ലക്ഷ്യമിടുന്നു. ആധുനിക ടൗൺഷിപ്പുകൾ, വ്യവസായ കേന്ദ്രങ്ങൾ, ടെക്നോളജി പാർക്കുകൾ, ഐ.ടി നഗരങ്ങൾ, ബിസിനസ് പാർക്കുകൾ എന്നിവ വികസിപ്പിക്കും. ദേശീയ, അന്തർദേശീയ തലങ്ങളിൽ സ്വകാര്യ കമ്പനികൾ ക്ഷണിക്കുന്ന നിർമാണ ടെൻഡറുകളിലും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് പങ്കാളികളാകാൻ സ്ഥാപനത്തിന് അനുമതിയുണ്ട്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ബി.സി.സി (ഇന്ത്യ) ലിമിറ്റഡിന്റെ മാതൃകയിൽ ആവശ്യമായ മാറ്റങ്ങളോടെയാണ് ടി.എൻ.ഐ.സി.സി രൂപീകരിക്കുന്നത്. സംസ്ഥാനത്തിന്റെ അതിവേഗ നഗരവൽക്കരണവും വർധിച്ചുവരുന്ന അടിസ്ഥാനസൗകര്യ ആവശ്യങ്ങളും കണക്കിലെടുത്ത് കൂടുതൽ പ്രൊഫഷനൽ മികവോടെയും പ്രവർത്തന സ്വാതന്ത്ര്യത്തോടെയും പദ്ധതികൾ നടപ്പാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

