തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; നാല് മന്ത്രിമാർ തെറിച്ചേക്കും, നീക്കം രഹസ്യ പ്രകടന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനക്ക് തയാറെടുക്കുന്നതായി റിപ്പോർട്ട്. മന്ത്രിമാരുടെ പ്രകടനം വിലയിരുത്തിയ രഹസ്യ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ നാല് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
വിവാദത്തിൽപെട്ട കോൺഗ്രസ് മന്ത്രിയെ ഉൾപ്പെടെ ഒഴിവാക്കുകയും പ്രകടനം മോശമായ മന്ത്രിമാരുടെ വകുപ്പുകൾ മാറ്റുകയുമാണ് ചെയ്യുക. സെപ്റ്റംബറിൽ ബജറ്റ് സമ്മേളനം അവസാനിച്ചതിന് പിന്നാലെ പുനഃസംഘടന പ്രഖ്യാപിക്കാനാണ് സാധ്യത.
മുഖ്യമന്ത്രി വിജയിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി എം. സായ് കുമാർ തയാറാക്കിയ രഹസ്യ പ്രകടന വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഓരോ മന്ത്രിയുടെയും ഭരണനിർവഹണം, വകുപ്പുകളുടെ പ്രവർത്തനക്ഷമത, ജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്ത രീതി, സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിലെ പുരോഗതി എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് വിവരം.
‘ഓരോ മന്ത്രിയുടെയും പ്രകടനത്തെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പുനഃസംഘടന’ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പോക്സോ ആരോപണത്തിൽപെട്ട കോൺഗ്രസിന്റെ മന്ത്രി പി. വിശ്വനാഥൻ, ലഹരി ഉപയോഗിച്ചെന്ന പേരിൽ വിഡിയോ പ്രചരിച്ച് വിവാദത്തിലായ മാനവ വിഭവശേഷി മന്ത്രി ഡി. ശരത്കുമാർ, ടി.വി.കെ നേതാവിനെ ഭീഷണിപ്പെടുത്തിയതിൽ വിവാദത്തിലായ സാമൂഹിക ക്ഷേമ മന്ത്രി കെ. ജഗദീശ്വരി, വകുപ്പിലെ വിവിധ ഇടപെടലുകളിലൂടെ വിവാദത്തിലായ ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിപൻ എന്നിവർ മന്ത്രിസഭയിൽനിന്ന് പുറത്തായേക്കുമെന്നാണ് വിവരം.
മന്ത്രിമാരെ ഒഴിവാക്കുന്നതിനൊപ്പം മന്ത്രിസഭാ പുനഃസംഘടനയിൽ ചിലരുടെ വകുപ്പുകൾ മാറ്റാനും സാധ്യതയുണ്ടെന്നാണ് വിവരം. മികച്ച പ്രകടനം കാഴ്ചവെച്ച മന്ത്രിമാർക്ക് കൂടുതൽ പ്രാധാന്യമുള്ള വകുപ്പുകൾ നൽകുന്നതും, പ്രതീക്ഷക്കൊത്ത് ഉയരാത്തവരുടെ വകുപ്പുകൾ മറ്റുള്ളവർക്ക് കൈമാറുന്നതും പരിഗണനയിലാണെന്ന് പറയുന്നു. ടി.വി.കെ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരായ എസ്. കമാലി, എസ്. കീർത്തന എന്നിവരുടെ വകുപ്പുകൾ മാറ്റാൻ നീക്കം നടക്കുന്നതായാണ് വിവരം. കീർത്തന വ്യവസായവും കമാലി മൃഗസംരക്ഷണവുമാണ് കൈകാര്യം ചെയ്യുന്നത്.
അതോടൊപ്പം അടുത്തിടെ അണ്ണാ ഡി.എം.കെയിൽ നിന്ന് ടി.വി.കെയിലേക്ക് എത്തിയ ചില പ്രമുഖ നേതാക്കളും മന്ത്രിസഭയിൽ ഇടം നേടാൻ ശ്രമിക്കുന്നതായാണ് വിവരം. അണ്ണാ ഡി.എം.കെയിൽ നിന്ന് രാജിവച്ച സി. വിജയഭാസ്കറും എം.ആർ. വിജയഭാസ്കറും മന്ത്രിസഭയിലേക്ക് എത്തിയേക്കും.
മുഖ്യമന്ത്രി വിജയ് അധികാരമേറ്റ ശേഷം സർക്കാർ സംവിധാനത്തിൽ കാര്യക്ഷമതയും ജനകീയ ഭരണവും ഉറപ്പാക്കണമെന്ന് മന്ത്രിമാർക്ക് ആവർത്തിച്ച് നിർദേശം നൽകിയിരുന്നു. മന്ത്രിസഭയിൽ നിന്ന് ആരൊക്കെ പുറത്താകുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. അന്തിമ തീരുമാനം മുഖ്യമന്ത്രി വിജയ് പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമേ പ്രഖ്യാപിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

