തൃണമൂലിൽ കലാപം രൂക്ഷം; സുധീപ് ബന്ദ്യോപാധ്യായയും വിമതർക്കൊപ്പം, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി കൂടുതൽ രൂക്ഷം. പാർട്ടിയുടെ മുതിർന്ന ലോക്സഭാ എം.പിയും മമതയുടെ അടുത്ത അനുയായിയുമായ സുധീപ് ബന്ദ്യോപാധ്യായ 19 വിമത എം.പിമാർക്കൊപ്പം ചേർന്നതായി റിപ്പോർട്ടുകൾ.
ശനിയാഴ്ച ഡൽഹിയിലെത്തിയ സുധീപ് ബന്ദ്യോപാധ്യായ ആദ്യം കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ സന്ദർശിക്കുകയും പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിമത എം.പിയായ സതാബ്ദി റോയിയും ഈ നീക്കങ്ങളിൽ ഒപ്പമുണ്ടായിരുന്നതായാണ് വിവരം. ഇതോടെ ടി.എം.സിയിലെ വിമതരുടെ എണ്ണം 20 ആയി ഉയർന്നു. നേരത്തെ തന്നെ 20 എംപിമാർ ലോക്സഭാ സ്പീക്കറോട് പ്രത്യേക ഗ്രൂപ്പായി ഇരിക്കാൻ അംഗീകാരം തേടിയിരുന്നു. ഈ വിഭാഗം എൻ.ഡി.എയെ പിന്തുണക്കുമെന്നും അറിയിച്ചിരുന്നു.
സുധീപ് ബന്ദ്യോപാധ്യായയുടെ നിലപാട് മാറ്റം ടി.എം.സിക്ക് വലിയ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്. പാർട്ടിയുടെ സ്ഥാപകകാലം മുതൽ മമത ബാനർജിക്കൊപ്പമുണ്ടായിരുന്ന നേതാക്കളിൽ ഒരാളായ അദ്ദേഹത്തിന്റെ വിമതപക്ഷ പ്രവേശനം ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം, ബംഗാളിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ശനിയാഴ്ച ടി.എം.സി നേതൃത്വത്തിൽ വീണ്ടും വലിയ സംഘടനാ പുനഃസംഘടന നടത്തി. പാർട്ടിക്കുള്ളിലെ അഴിച്ചുപണിയുടെ ഭാഗമായി സുധീപ് ബന്ദ്യോപാധ്യായയെ നോർത്ത് കൊൽക്കത്ത ജില്ലാ പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് മാറ്റി കുനാൽ ഘോഷിനെ നിയമിച്ചു. യുവജനവിഭാഗം അധ്യക്ഷയായിരുന്ന സായോനി ഘോഷിന്റെ സ്ഥാനത്ത് അർണാബ് ബാനർജിയെയും നിയോഗിച്ചു. മുതിർന്ന നേതാക്കളായ സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും പാർട്ടിയുടെ ദേശീയ വർക്കിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. മഹിളാ തൃണമൂലിന്റെ ചുമതല അലിഫ അഹമ്മദിനും ന്യൂനപക്ഷ സെല്ലിന്റെ പ്രസിഡന്റായി മൊഷറഫ് ഹൊസൈനും നിയമിതരായി.
ഡൽഹിയിൽ നടന്ന രാഷ്ട്രീയ ചർച്ചകൾക്കും പാർട്ടിക്കുള്ളിലെ വിമത നീക്കങ്ങൾക്കും പിന്നാലെയാണ് ഈ തീരുമാനം. അടുത്തിടെ ചില എം.പിമാരും എം.എൽ.എമാരും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിൽ പാർട്ടി നിയന്ത്രണം ശക്തിപ്പെടുത്താനുള്ള ശ്രമമായാണ് നീക്കത്തെ വിലയിരുത്തുന്നത്.
സംഘടനാ പുനസംഘടന വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് ടി.എം.സി അധ്യക്ഷയായ മമതാ ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ നിരവധി മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നു. ടി.എം.സി ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജി, മുതിർന്ന എം.പി കല്യാൺ ബാനർജി, മുൻ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, മുൻ എം.പി സുഭാഷിഷ് ചക്രവർത്തി എന്നിവർ യോഗത്തിൽ പങ്കെടുത്തു. കല്യാൺ ബാനർജിയുടെ മകൻ അഭിഭാഷകൻ സിർസന്യ ബന്ദോപാധ്യായ, കുനാൽ ഘോഷ്, ഷോവൻദേബ് ചതോപാധ്യായ എന്നിവരും യോഗത്തിനെത്തിയിരുന്നു. യോഗത്തിന്റെ അജണ്ട ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കാനും സംഘടനയെ പുനഃക്രമീകരിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കങ്ങൾ.
അതേസമയം, നേതാക്കൾ പാർട്ടി വിടുന്നത് സംഘടനയെ ബാധിക്കില്ലെന്നും വോട്ടർമാരാണ് അവരുടെ രാഷ്ട്രീയ ഭാവി അന്തിമമായി തീരുമാനിക്കേണ്ടതെന്നും കല്യാൺ ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘പലരും മുമ്പ് പാർട്ടി വിട്ടിട്ടുണ്ട്. സുദീപ് ദാ പോയിട്ടുണ്ടെങ്കിൽ, അങ്ങനെയാകട്ടെ. അതിൽ വ്യത്യാസമില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ ജനങ്ങൾ അവരുടെ വിധി പറയും’ കല്യാൺ ബാനർജി പറഞ്ഞു. ഭരണകൂടത്തെ പിന്തുണക്കുന്നതിനുപകരം സർക്കാരിനെ ചോദ്യം ചെയ്യുക, പൊതുജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കുക, പൗരന്മാരെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള പ്രതിപക്ഷ ശക്തികളെ ദുർബലപ്പെടുത്താൻ ഭരണകക്ഷി ശ്രമിക്കുന്നുണ്ടെന്ന് ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങൾ സമ്മർദ്ദത്തിലാണെന്നും ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രതിപക്ഷ പാർട്ടികൾക്ക് ലഭ്യമായ രാഷ്ട്രീയ ഇടം ചുരുക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

