കൂറുമാറ്റ നിരോധന നിയമം: മറുപടി നൽകാൻ കൂടുതൽ സമയം തേടി ടി.എം.സി വിമത എം.പിമാർ
text_fieldsന്യൂഡൽഹി: എൻ.സി.പി.ഐയിൽ ചേർന്നവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർ ഓം ബിർളക്ക് തൃണമൂൽ കോൺഗ്രസ് നൽകിയ അപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം തേടി വിമത എം.പിമാർ. നോട്ടീസിന് മറുപടി നൽകേണ്ട സമയം ഒക്ടോബർ എട്ടിന് അവസാനിക്കാനിരിക്കെ വിമതരുടെ നേതാവ് കകോലി ഘോഷ് ദസ്തിദാറാണ് കൂടുതൽ സമയം തേടി ലോക്സഭാ സെക്രട്ടേറിയറ്റിനെ സമീപിച്ചത്.
മറുപടി തയാറാക്കാൻ ആവശ്യമായ രേഖകൾ പൂർണമായി ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിയമ സംഘത്തിന് മറുപടി കൃത്യസമയത്ത് നൽകാൻ സാധിക്കാത്തതിനാലാണ് സമയം നീട്ടി ചോദിക്കുന്നതെന്നും അവർ പറഞ്ഞു. 15 ദിവസത്തെ സമയം കൂടി അനുവദിച്ച് കിട്ടണമെന്നാണ് ആവശ്യം. വിഷയം ചർച്ച ചെയ്യുന്നതിനും അടുത്ത നടപടികൾ തീരുമാനിക്കുന്നതിനുമായി 20 എം.പിമാരുടെയും അടിയന്തര യോഗം വ്യാഴാഴ്ച കൊൽക്കത്തയിൽ നടക്കുമെന്നും കകോലി ഘോഷ് ദസ്തിദാർ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് 20 എം.പിമാർ എൻ.ഡി.എയുടെ സഖ്യ കക്ഷിയായ പ്രാദേശിക പാർട്ടി എൻ.സി.പി.ഐയിൽ ചേർന്നത്. കൂറുമാറ്റ നിരോധന നിയമപ്രകാരം തങ്ങളെ അയോഗ്യരാക്കണമെന്ന ഹരജിയിലെ ആരോപണങ്ങൾ നിലനിൽക്കില്ലെന്നാണ് വിമത എം.പിമാരുടെ നിലപാട്. തൃണമൂൽ കോൺഗ്രസ് വിട്ട് എൻ.സി.പി.ഐയിൽ ചേർന്നതിനാൽ അയോഗ്യതയുടെ പരിധിയിൽ വരില്ലെന്ന് ഇവർ വാദിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

