തൃണമൂൽ ഓഫിസിൽ പൊലീസ് അതിക്രമം: രാഷ്ട്രീയ പകപോക്കലെന്ന് അഭിഷേക് ബാനർജി; ഹൈകോടതിയെ സമീപിച്ചു
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഓഫിസിൽ പൊലീസും കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരും നടത്തിയ അതിക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പാർട്ടി പ്രവർത്തകരെ കൈയേറ്റം ചെയ്തെന്നും ഓഫിസിന്റെ സൈൻബോർഡ് ബലമായി നീക്കം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹരജി വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ആവശ്യമായിവന്നാൽ സുപ്രീം കോടതിയെയും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഫിസ് പ്രവർത്തിച്ചിരുന്ന സ്ഥലം ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പേരിൽ നിയമപരമായി വാടകക്കെടുത്തതാണെന്നും വർഷങ്ങളായി കൃത്യമായി വാടക നൽകിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കെട്ടിടം അനധികൃതമാണെന്ന വാദവും അദ്ദേഹം തള്ളി. നടപടിക്ക് അനുമതി നൽകിയ കോർപ്പറേഷൻ ഉത്തരവും ബന്ധപ്പെട്ട രേഖകളും പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാലും കൃത്യമായ നിയമനടപടികൾ പാലിക്കാതെ അത് പൊളിക്കാനാകില്ലെന്നും നടപടിക്ക് മുമ്പ് ആവശ്യമായ നോട്ടീസോ വാദം കേൾക്കാനുള്ള അവസരമോ നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
നടപടിക്കിടെ പാർട്ടി പ്രവർത്തകരെ കൈയേറ്റം ചെയ്തതായും ചിലരുടെ വസ്ത്രങ്ങൾ കീറിയതായും വനിതാ പ്രവർത്തകരോട് മോശമായി പെരുമാറിയതായും ബാനർജി ആരോപിച്ചു. സിവിൽ വേഷത്തിലെത്തിയ ചിലർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പാർട്ടിയുടെ കൈവശമുണ്ടെന്നും അവ കോടതിയിൽ സമർപ്പിക്കുമെന്നും ബാനർജി വ്യക്തമാക്കി. നീക്കം ചെയ്ത സൈൻബോർഡ് പരസ്യബോർഡല്ലെന്നും രാഷ്ട്രീയ പാർട്ടി ഓഫിസിന്റെ ബോർഡാണെന്നും അദ്ദേഹം പറഞ്ഞു.
നടപടിക്ക് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടലുണ്ടെന്നും പൊലീസിലെ ചിലർ ബി.ജെ.പി പ്രവർത്തകർക്കൊപ്പം ചേർന്നാണ് പ്രവർത്തിച്ചതെന്നും ബാനർജി ആരോപിച്ചു. നിയമപരമായ നടപടിക്രമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയോടെയാണ് കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പൊലീസ് അകമ്പടിയോടെ വന്ന് ഓഫീസിന്‍റെ സൈൻ ബോർഡ് നീക്കം ചെയ്തത്. ഇതിനിടെ പാർട്ടി പ്രവർത്തകരും അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

