പ്രളയ ദുരിതാശ്വാസ സാമഗ്രികൾ പൂഴ്ത്തിവെച്ചെന്ന് ആരോപണം: തൃണമൂൽ എം.പിയുടെ ഓഫീസ് തകർത്തു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഥുരാപൂരിൽ തൃണമൂൽ കോൺഗ്രസ് ലോക്‌സഭാംഗം ബാപി ഹൽദാറിന്റെ ഓഫീസ് ഒരു സംഘം ആളുകൾ തല്ലിത്തകർത്തു. പ്രളയ ദുരിതാശ്വാസ സാമഗ്രികൾ ഓഫീസിൽ പൂഴ്ത്തിവെച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഓഫീസിന്റെ ജനൽച്ചില്ലുകളും നെയിംബോർഡുകളും അക്രമികൾ അടിച്ചുതകർത്തു.
ഓഫീസ് നിയമവിരുദ്ധമായി കൈയേറിയാണ് നിർമിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ പൂർണമായും തള്ളിയ എം.പി, ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ആസൂത്രിതമായി നടത്തിയ അക്രമമാണിതെന്ന് പ്രതികരിച്ചു. വരാനിരിക്കുന്ന പ്രളയസാഹചര്യത്തിൽ ജനങ്ങൾക്ക് വിതരണം ചെയ്യാനായി സ്വന്തം നിലയ്ക്ക് വാങ്ങിയ ദുരിതാശ്വാസ സാമഗ്രികളാണ് ഓഫീസിൽ സൂക്ഷിച്ചിരുന്നതെന്ന് ബാപി ഹൽദാർ വിശദീകരിച്ചു.
അക്രമത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് പ്രാദേശിക തൃണമൂൽ നേതൃത്വം ആരോപിച്ചു. എന്നാൽ ഈ ആരോപണം ബി.ജെ.പി തള്ളി. തങ്ങളുടെ പ്രവർത്തകർക്ക് ഇതിൽ പങ്കില്ലെന്നും, ദുരിതാശ്വാസ സാമഗ്രികൾ പൂഴ്ത്തിവെച്ചതിൽ രോഷാകുരായ സാധാരണക്കാരായ ഗ്രാമവാസികളാണ് പ്രതിഷേധിച്ചതെന്നുമാണ് ബി.ജെ.പിയുടെ നിലപാട്.
സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹം എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെ വ്യാപകമായ പ്രതിഷേധങ്ങളും അക്രമങ്ങളും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

