Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂറുമാറ്റ ഹരജിയിൽ നടപടി; ഋതബ്രത ബാനർജി ഉൾപ്പെടെ 10 പേർക്ക് നിയമസഭാ നോട്ടീസ്

text_fields
bookmark_border
tmc
cancel
camera_alt

മമത ബാനർജി, ഋതബ്രത ബാനർജി

കൊൽക്കത്ത: കൂറുമാറ്റവുമായി ബന്ധപ്പെട്ട ഹരജിയിൽ വിമത തൃണമൂൽ കോൺഗ്രസ് വിഭാഗത്തിലെ 10 എം.എൽ.എമാർക്ക് പശ്ചിമ ബംഗാൾ നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നൽകി. ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. തൃണമൂൽ കോൺഗ്രസ് നൽകിയ അയോഗ്യതാ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി, അരൂപ് റോയ്, ഫിർഹാദ് ഹക്കീം, സന്ദീപൻ സാഹ, അഖ്റുസ്സമാൻ അൻസാരി, ഷിയുലി സാഹ, സബീന യാസ്മിൻ, ബിപ്ലബ് മിത്ര, ജാവേദ് ഖാൻ, രഥിൻ ഘോഷ് എന്നിവർക്കാണ് നോട്ടീസ്. നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ച അഖ്റുസ്സമാൻ അൻസാരി വിഷയം പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം സമയബന്ധിതമായി മറുപടി നൽകുമെന്ന് അറിയിച്ചു.

തൃണമൂൽ കോൺഗ്രസ് എം.എൽ.എ സോവൻദേബ് ചട്ടോപാധ്യായയാണ് 10 പേരെയും അയോഗ്യരാക്കണമെന്ന് നടപടി ആവശ്യപ്പെട്ടത്. ജൂലൈ ഏഴിന് സ്പീക്കർ രഥിൻ ബോസിന് കത്ത് നൽകിയതിന് പിന്നാലെ തിങ്കളാഴ്ച സുപ്രീംകോടതിയിലും ഹരജി നൽകിയിരുന്നു. പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് എം.എൽ.എമാർക്കെതിരായ ആരോപണം.

പ്രതിപക്ഷ നേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കവും കൽക്കത്ത ഹൈകോടതിയുടെ പരിഗണനയിലാണ്.

തൃണമൂൽ കോൺഗ്രസ് ചട്ടോപാധ്യായയെ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നെങ്കിലും ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ തീരുമാനത്തിനെതിരെ ചട്ടോപാധ്യായ കോടതിയെ സമീപിച്ചിട്ടുണ്ട്. ടി.എം.സിയുടെ 80 എം.എൽ.എമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. അൻസാരിയെ ചീഫ് വിപ്പായി തെരഞ്ഞെടുത്തതിന് പിന്നാലെ സമാന്തര സംഘടനാ പ്രവർത്തനങ്ങളും വിമത വിഭാഗം നടത്തിയിരുന്നു. മേയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് പാർട്ടിയിലെ തർക്കം രൂക്ഷമായത്.

ഇതിനിടെ, വിമത വിഭാഗത്തിനൊപ്പമുള്ള 20 ലോക്സഭാംഗങ്ങൾ ടി.എം.സി വിട്ട് നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നിരുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുമായി സഖ്യമുള്ള പാർട്ടിയാണിത്. ഇവരെ അയോഗ്യരാക്കണമെന്ന ഹരജികളിലും ലോക്സഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്. അയോഗ്യത ഹരജികളിൽ ലോക്സഭാ സ്പീക്കർ ഓം ബിർള വേഗത്തിൽ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

വിമത എം.എൽ.എമാരുടെ നടപടി കൂറുമാറ്റത്തിന് തുല്യമാണെന്നും അയോഗ്യതക്ക് കാരണമാകുമെന്നും തൃണമൂൽ കോൺഗ്രസ് വാദിക്കുന്നു. എം.പിമാർക്കെതിരായ നടപടിയിൽ ഉന്നയിച്ച കാരണങ്ങൾക്ക് സമാനമായവയാണ് എം.എൽ.എമാർക്കെതിരായ ഹരജിയിലുമുള്ളതെന്ന് ടി.എം.സി നേതാവും അഭിഭാഷകനുമായ കല്യാൺ ബാനർജി പറഞ്ഞു. എന്നാൽ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം.

നിയമസഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസ് പതിവ് നടപടിക്രമത്തിന്റെ ഭാഗം മാത്രമാണെന്നും റിതബ്രത വിഭാഗം പ്രതികരിച്ചു. മമത പക്ഷത്തിന് ആഘോഷിക്കാൻ ഒന്നുമില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ടി.എം.സി വക്താവ് റിജു ദത്ത പറഞ്ഞു. ടി.എം.സിയുടെ പേരും ഇരട്ടപ്പൂവ്-പുല്ല് ചിഹ്നവും സംബന്ധിച്ച തർക്കവും തെരഞ്ഞെടുപ്പ് കമീഷന്റെ പരിഗണനയിലാണ്.

പേര്, ചിഹ്നം, സംഘടനാ വിഭവങ്ങൾ എന്നിവയിൽ ഇരുവിഭാഗവും അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ച കമീഷൻ ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ 10 എം.എൽ.എമാർക്കെതിരെ മാത്രം നടപടി ആരംഭിച്ചത് ബാക്കിയുള്ളവർക്ക് നിലപാട് പുനഃപരിശോധിക്കാൻ സമയം നൽകാനാണെന്ന് തൃണമൂൽ കോൺഗ്രസ് വിഭാഗത്തിലെ ഒരു എം.എൽ.എ പറഞ്ഞു. തിരിച്ചെത്താത്തവർക്ക് ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TMC MLAs Face Defection Notice
Next Story