കാണാനില്ലെന്ന് മകൻ; തൊട്ടുപിന്നാലെ ഡൽഹിയിലെത്തി മുകുള്‍ റോയി
text_fieldsന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകൻ പരാതിപ്പെട്ടതിനു പിന്നാലെ അദ്ദേഹം ഡൽഹിയിൽ എത്തി. തിങ്കളാഴ്ച രാത്രി 9.55 ഓടെ ഇന്‍ഡിഗോ വിമാനത്തില്‍ മുകുള്‍ റോയ് ഡല്‍ഹിയില്‍ എത്തിയെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 69-കാരനായ മുകുള്‍ റോയ് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വരുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകീട്ട് മുതൽ മുകുൾ റോയിയെകുറിച്ച് വിവരമില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ സുഭ്രഗ്ഷു റോയ് കൊൽക്കത്ത വിമാനത്താവള പൊലീസിൽ പരാതി നല്‍കിയിരുന്നു. ഡൽഹിയിലെത്തിയ റോയിയോട് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ "ഞാൻ കുറേ വർഷങ്ങളായി എം.പിയാണ്, എനിക്ക് ഡൽഹിയിൽ വരാൻ പറ്റില്ലേ? " എന്നുമായിരുന്നു മറുപടി.
ഞായറാഴ്ച മകനുമായി വാക്കു തർക്കം ഉണ്ടായതിന് ശേഷമാണ്, മുൻ റെയിൽ വേ മന്ത്രിയായ റോയിയെ കാണാതായതെന്നും റിപ്പോർട്ടുണ്ട്. ഭാര്യയുടെ മരണത്തിന് ശേഷം റോയിയെ പല തരത്തലിള്ള അസുഖങ്ങൾ അലട്ടുന്നുണ്ട്.
പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 2017-ൽ റോയ് ടി.എം.സി വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. പിന്നീട് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച റോയ്, ഫലപ്രഖ്യാപനത്തിന് ശേഷം തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു. അതിനാൽ തന്നെ റോയിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ആശങ്കയിലാണ് ബംഗാൾ രാഷ്ട്രീയ നിരീക്ഷകർ. എന്നാൽ തന്‍റെ ഡൽഹി സന്ദർശനത്തിന് പ്രത്യേക രാഷ്ടീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

