തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്! മമതക്ക് തിരിച്ചടി, 60ഓളം എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെട്ട് വിമതപക്ഷം
text_fieldsകൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പശ്ചിമബംഗാളിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്. പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായതോടെ തൃണമൂലിൽനിന്ന് പുറത്താക്കപ്പെട്ട എം.എൽ.എ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമതപക്ഷം ഉയർന്നുവരുമെന്നാണ് വിവരം. പശ്ചിമബംഗാൾ നിയമസഭയിൽ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും 59 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തൃണമൂലിൽനിന്ന് പുറത്താക്കപ്പെട്ട നിയമസഭാംഗങ്ങളാണ് ഋതബ്രത ബാനർജിയും സന്ദീപ് സാഹയും. 80 തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരിൽ 59 പേരും ഋതബ്രത ബാനർജിയെ പിന്തുണച്ചാൽ വിമതപക്ഷം ഔദ്യേഗിക തൃണമൂൽ കോൺഗ്രസ് പക്ഷമായി മാറും. എം.എൽ.എമാരുടെ ഒപ്പുകൾ വിമത ഗ്രൂപ്പ് ശേഖരിച്ചതായാണ് വിവരം. തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെടുന്ന കത്ത് ബംഗാൾ നിയമസഭാ സ്പീക്കക്ക് കൈമാറുമെന്ന് മുതിർന്ന വിമത നേതാവ് അറിയിച്ചു.
നേരത്തേ, പ്രതിപക്ഷ നേതാവിനെയും മറ്റും തെരഞ്ഞെടുക്കുന്ന പാർട്ടി പ്രമേയ രേഖയിൽ നിരവധി എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചട്ടോപാധ്യായെ നിയമിക്കാനാണ് ഔദ്യോഗിക തൃണമൂൽ കോൺഗ്രസിന്റെ നീക്കം. കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് കാട്ടി ഋതബ്രതയും സന്ദീപൻ സാഹയും നൽകിയ പരാതിയെത്തുടർന്ന് സ്പീക്കർ ഇത് തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ജൂൺ ഒന്നിന് ഇവരെ പാർട്ടി പുറത്താക്കി. ഞായറാഴ്ച മമത ബാനർജി വിളിച്ച എം.എൽ.എമാരുടെ യോഗത്തിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്. ഇതോടെ പാർട്ടിയിലെ പിളർപ്പ് പരസ്യമാകുകയും ചെയ്തിരുന്നു.
പാർട്ടിയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ ഋതബ്രതയും സന്ദീപൻ സാഹയും കൊൽക്കത്തയിലെ എം.എൽ.എൽ ഹോസ്റ്റലിൽവെച്ച് നിരവധി തൃണമൂൽ എം.എൽ.എമാരെ കണ്ടതായാണ് വിവരം. ഇത് ടി.എം.സിക്കുള്ളിൽ പുതിയ വിഭാഗം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ആക്കം കൂട്ടിയിരുന്നു.
പുറത്താക്കപ്പെട്ട ഇരുവരും പാർട്ടിയെ പിളർത്താൻ ശ്രമിക്കുകയാണെന്നും കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ ചില എം.എൽ.എമാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ടി.എം.സി എം.എൽ.എ കുനാൽ ഘോഷ് തിങ്കളാഴ്ച ആരോപിച്ചിരുന്നു.
അതേസമയം, തൃണമൂൽ കോൺഗ്രസിനെ പിളർത്താൻ ഡൽഹിയിലിരുന്ന് ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് മമത ബാനർജി കൊൽക്കത്തയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ആരോപിച്ചു. ഇതിനെതിരെ പോരാടുമെന്നും അവർ വ്യക്തമാക്കി.
എന്നാൽ, പാർട്ടിയെ ചിലർ കോർപറേറ്റ്‌വൽക്കരിക്കാൻ ശ്രമിച്ചതാണ് പ്രശ്നമെന്നും തങ്ങൾ യഥാർഥ ജനകീയ തൃണമൂൽ കോൺഗ്രസാണെന്നും ഋതബ്രത ബാനർജി പ്രതികരിച്ചു. കൂടാതെ അഭിഷേക് ബാനർജിയുടെ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

