കൊൽക്കത്തയിൽ ടിഎംസി-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി; മുൻ ഐപിഎസ് ഉദ്യോഗസ്ഥനും വനിതാ നേതാവിനും ക്രൂരമർദ്ദനം
text_fieldsകൊൽക്കത്ത: ദക്ഷിണ കൊൽക്കത്തയിലെ മുക്കുന്ദപ്പൂരിൽ പ്രാദേശിക പാർട്ടി ഓഫീസിന്റെ നിയന്ത്രണത്തെച്ചൊല്ലി തൃണമൂൽ കോൺഗ്രസ് (ടി.എം.സി) - ബി.ജെ.പി പ്രവർത്തകർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. അക്രമം വർധിച്ചതോടെ പുർബ യാദവ്പൂർ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.
സംഘർഷത്തിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും മുൻ എം.എൽ.എയുമായ ഹുമയൂൺ കബീർ, ടി.എം.സി ഐ.ടി സെൽ തലവൻ ഉപാസന ചൗധരി എന്നിവരുൾപ്പെടെ നിരവധി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. പൊലീസ് സ്റ്റേഷൻ കവാടത്തിൽ വെച്ചാണ് ഹുമയൂൺ കബീറിന് മർദ്ദനമേറ്റത്. ഉപാസന ചൗധരിയുടെ വീട് വളഞ്ഞ് അക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തതായി ആരോപണമുണ്ട്.
തങ്ങളുടെ പാർട്ടി ഓഫീസ് ബി.ജെ.പി അനധികൃതമായി പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടത്തിയ സമാധാനപരമായ റാലിക്ക് നേരെ ബി.ജെ.പി പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ടി.എം.സി ആരോപിച്ചു. പൊലീസ് നിഷ്ക്രിയരായി നോക്കിനിൽക്കെയാണ് ആക്രമണം നടന്നതെന്ന് ടി.എം.സി എം.പിമാരായ മഹുവ മൊയ്ത്രയും ഡെറക് ഒബ്രയാനും കുറ്റപ്പെടുത്തി.
എന്നാൽ ആരോപണങ്ങൾ ബി.ജെ.പി പൂർണ്ണമായും നിഷേധിച്ചു. തങ്ങളുടെ പ്രവർത്തകനെ ടി.എം.സി അണികൾ അക്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നും തൃണമൂലിന്റെ ആഭ്യന്തര തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നും ബി.ജെ.പി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

