ബംഗാളിൽ സംഘർഷം തുടരുന്നു; ബുൾഡോസർരാജിലൂടെ ബി.ജെ.പി പാർട്ടി ഓഫീസ് തകർത്തെന്ന് ടി.എം.സി
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും പശ്ചിമ ബംഗാളിൽ സംഘർഷങ്ങൾ തുടരുന്നു. തങ്ങളുടെ പാർട്ടി ഓഫീസുകൾ ബി.ജെ.പി പ്രവർത്തകർ ബുൾഡോസർ വെച്ച് തകർത്തതായി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ന്യൂമാർക്കറ്റ് ഭാഗത്തെ ഷോപ്പുകളും തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഓഫീസും ബി.ജെ.പി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തകർത്തെന്നാണ് ആരോപണം. വീഡിയോ പങ്കുവെച്ചാണ് ആരോപണം. വീഡിയോയിൽ, ഉച്ചത്തിലുള്ള ആർപ്പുവിളികൾക്കിടയിലും സംഗീതത്തിനൊപ്പം പ്രദേശത്തെ ഒരു കടയിൽ ഒരു ബുൾഡോസർ ഇടിച്ചുനിരത്തുന്നത് കാണാം. വലിയ ജനക്കൂട്ടവും പ്രദേശത്തുണ്ട്.
ബി.ജെ.പിയുടെ മുദ്രാവാക്യമായ "മാറ്റം" ബുൾഡോസറുമായി എത്തിയെന്നും ടി.എം.സി ആരോപിച്ചു. ലജ്ജാകരമായ ഗുണ്ടായിസമാണ് നടക്കുന്നതെന്നും ആർപ്പുവിളികളും ആക്രോശവുമായി എത്തിയ ബി.ജെ.പി പ്രവർത്തകർ ന്യൂ മാർക്കറ്റ് ഏരിയയ്ക്ക് സമീപം കടകളും തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസും നശിപ്പിക്കുകയായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ നേതാക്കൾ തങ്ങളുടെ പ്രവർത്തകർക്ക് തെരുവുകളിൽ അഴിഞ്ഞാടാൻ ലൈസൻസ് നൽകിയിട്ടുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്സിൽ കുറിച്ചു.
"നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ കാര്യകർത്താക്കൾക്ക് തെരുവുകളിൽ അഴിഞ്ഞാടാനും, അവരുടെ വഴിയിൽ നിൽക്കുന്നതെല്ലാം വെട്ടിമാറ്റാനും, അവർക്ക് ഇഷ്ടമുള്ളവരെ ആക്രമിക്കാനും, ക്രൂരമായി പെരുമാറാനും, കൊല്ലാനുമുള്ള ലൈസൻസ് നൽകിയിട്ടുണ്ട്," എന്ന് എക്സിൽ പറയുന്നു. ഇതിനെതിരേ ശക്തമായ മുന്നറിയിപ്പും ടി.എം.സി നൽകി. ഇന്ന് കടകളിൽ നടപടിയെടുക്കുന്നുണ്ട്. നാളെ അത് ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളാകും. പിന്നീട് "അത് ബംഗാൾ മാതൃകയുടെ പ്രതീകങ്ങളാവുമെന്നും" പാർട്ടി മുന്നറിയിപ്പു നൽകി.
ബംഗാളിൽ ബി.ജെ.പിയുടെ ബുൾഡോസർ ഉരുളുന്നിടത്തെല്ലാം പ്രതിരോധത്തിന്റെ മതിൽ ഉയരും. ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഈ ഭീകരതയുടെ നയത്തിനെതിരെ ഞങ്ങൾ പോരാടുമെന്ന് പാർട്ടി വ്യക്തമാക്കി. ടി.എം.സി നേതാവ് മഹുവ മൊയ്ത്രയും ന്യൂ മാർക്കറ്റിലെ ബുൾഡോസർ രാജിന്റെ വീഡിയോ പങ്കുവെച്ചു. "കൊൽക്കത്തയുടെ ചരിത്രപരമായ ന്യൂ മാർക്കറ്റ്. പരിവർത്തനിൽ ആനന്ദിക്കുന്ന ബംഗാളികൾ" എന്ന കുറിപ്പോടെയാണ് മഹുവ വീഡിയോ പങ്കിട്ടത്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 294 സീറ്റുകളിൽ 207 സീറ്റുകൾ ബി.ജെ.പി നേടിയത്. തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് സീറ്റ് തോറ്റ മമത ബാനർജി, താനും പാർട്ടിയും പരാജയപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

