വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ലെന്ന കാരണത്താൽ കേസെടുക്കാനാകില്ലെന്ന് സുപ്രീംകോടതി; പരാമർശം ടിഎം കൃഷ്ണ നൽകിയ ഹരജിയിൽ
text_fieldsന്യൂഡൽഹി: വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചില്ലെന്ന കാരണത്താൽ മാത്രം ഒരാൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. മനഃസാക്ഷിപരമായ കാരണങ്ങളാൽ ദേശീയഗാനം ആലപിക്കാതിരുന്ന വിദ്യാർഥികളെ സംരക്ഷിച്ച 1986ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് വന്ദേമാതരം സംബന്ധിച്ച ഹരജി പരിഗണിക്കവെ ബെഞ്ചിന്റെ നിരീക്ഷണം. 2026ലെ നിയമഭേദഗതിയിലൂടെ വന്ദേമാതരം ആലാപനം നിർബന്ധമാക്കുകയും അതിന് ക്രിമിനൽ ശിക്ഷ വ്യവസ്ഥ ചെയ്യുകയും ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹരജിയിലാണ് കോടതി കേന്ദ്രസർക്കാറിനോട് മറുപടി തേടിയത്.
വന്ദേമാതരം ആലപിക്കുന്നത് തടയുകയോ ആലാപനം നടക്കുന്ന സംഘത്തിൽ മനഃപൂർവം തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവർക്ക് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന 2026ലെ നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കർണാടക സംഗീതജ്ഞനും എഴുത്തുകാരനുമായ ടി.എം. കൃഷ്ണ സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാറിനോട് രണ്ടാഴ്ചക്കകം മറുപടി നൽകാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവം തടയുകയോ ആലാപനം നടക്കുന്ന സംഘത്തിൽ തടസമുണ്ടാക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് 1971ലെ നിയമത്തിൽ 2026ൽ ഭേദഗതി വരുത്തിയത്. എന്നാൽ വന്ദേമാതരത്തിന്റെ എല്ലാ വരികളും പാടാത്തതിന്റെ പേരിൽ മാത്രം ഒരാൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാകുമോ എന്നതാണ് ഹരജിയിൽ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം. അതേ സമയം ദേശീയഗാനം ആലപിക്കുമ്പോൾ അത് പാടാൻ വിസമ്മതിച്ചവരെ സംരക്ഷിച്ച 1986ലെ ബിജോയ് ഇമ്മാനുവൽ കേസിലെ സുപ്രീംകോടതി വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജോയ്മല്യ ചൂണ്ടിക്കാട്ടി. ആ കേസിലെ സുപ്രീംകോടതി വിധി ചോദ്യംചെയ്യപ്പെട്ടിട്ടില്ലെന്നും അതിലെ നിയമതത്വങ്ങൾ നിലവിലെ നിയമത്തിനും ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനഃസാക്ഷിപരമായ കാരണങ്ങളാൽ വന്ദേമാതരത്തിന്റെ ഒന്നോ അതിലധികമോ വരികൾ പാടാത്ത വ്യക്തിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കരുതെന്ന നിലപാടാണ് ഇതിലൂടെ കോടതി സൂചിപ്പിച്ചത്. ദേശീയഗാനം ആലപിക്കുമ്പോൾ മതവിശ്വാസത്തിന്റെ പേരിൽ പാടാതിരുന്നെങ്കിലും ആദരവോടെ എഴുന്നേറ്റുനിന്ന വിദ്യാർഥികളെ ശിക്ഷിക്കാനാകില്ലെന്ന് 1986ലെ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
2026ലെ നിയമഭേദഗതിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങളും ടി.എം. കൃഷ്ണ ഹരജിയിൽ ചോദ്യംചെയ്തിട്ടുണ്ട്. സർക്കാർ, ഔദ്യോഗിക, സാംസ്കാരിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആറ് വരികളും ആലപിക്കണമെന്ന നിർദേശമാണ് ഇതിൽ പ്രധാനമായും ചോദ്യംചെയ്യുന്നത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികളാണ് ഔദ്യോഗിക ചടങ്ങുകളിൽ ഇതുവരെ ആലപിച്ചിരുന്നതെന്നും പിന്നീട് ചേർത്ത നാല് വരികളിൽ ദുർഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവതകളെ പരാമർശിക്കുന്ന മതപരമായ ഉള്ളടക്കമുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ആറ് വരികളും ആലപിക്കാൻ നിർബന്ധിക്കുന്നതിലൂടെ വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യം, മനഃസാക്ഷി സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയെ ബാധിക്കുമെന്നാണ് ഹരജിക്കാരൻ ഉന്നയിക്കുന്ന വാദം.
അതേ സമയം നിയമപരമായി 'ദേശീയഗീതം' എന്നതിന്റെ നിർവചനം തന്നെ ഇല്ലെന്ന് ടി.എം. കൃഷ്ണക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. മുരളീധർ വാദിച്ചു. നിയമത്തിലെ അവ്യക്തത ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേമാതരത്തിന്റെ ഏത് പതിപ്പാണ് നിയമത്തിന്റെ പരിധിയിൽ വരുന്നതെന്ന കാര്യത്തിലും വ്യക്തത വേണമെന്നാണ് ഹരജിയിലെ വാദം. വന്ദേമാതരം ദേശീയഗീതമെന്ന നിലയിൽ ഭരണഘടനയിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെന്നും ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. എന്നാൽ, പാരമ്പര്യവും ഉപയോഗവും വഴി വന്ദേമാതരം ദേശീയഗാനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 80 വർഷത്തോളമായി തുടരുന്ന രീതികളിൽ നിന്ന് മാറി വന്ദേമാതരത്തിന്റെ ആറ് വരികളും ദേശീയഗീതമായി അടിച്ചേൽപ്പിക്കാനാകില്ലെന്നും അത്തരത്തിൽ ക്രിമിനൽ ശിക്ഷ ഏർപ്പെടുത്തുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

