ചീഫ് ജസ്റ്റിസ് മുഖ്യാതിഥി; പ്രതിഷേധം ഭയന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാന ചടങ്ങ് അവസാന നിമിഷം മാറ്റി, വിദ്യാർഥികൾ പെരുവഴിയിൽ
text_fieldsമുംബൈ: വിദ്യാർഥി പ്രതിഷേധം ഭയന്ന് മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ (ടി.ഐ.എസ്.എസ്) ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് അവസാന നിമിഷം മാറ്റിവെച്ചു.
ഞായറാഴ്ചയാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച അർധ രാത്രിയാണ് ചടങ്ങ് മാറ്റിവെച്ചുകൊണ്ടുള്ള അറിയിപ്പ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. പലർക്കും മുംബൈയിലേക്കുള്ള യാത്രാ മധ്യേയാണ് ഇൻസ്റ്റിറ്റ്യൂട്ട് രജിസ്ട്രാറുടെ ഇ-മെയിൽ ലഭിക്കുന്നത്. എന്നാൽ ഔദ്യോഗിക അറിയിപ്പിൽ ചടങ്ങ് മാറ്റിവെക്കാനുള്ള കാരണമൊന്നും പറയുന്നില്ല. ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, കാമ്പസിലെ സുരക്ഷാ ആശങ്കകളും ചീഫ് ജസ്റ്റിസിനെതിരെ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുമാണ് ചടങ്ങ് മാറ്റിവെക്കാൻ കാരണമെന്നാണ് സൂചന.
അനുയോജ്യമായ ഒരു അന്തരീക്ഷത്തിൽ ചടങ്ങ് നടത്താൻ കഴിയില്ലെന്നും നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകുന്നത് വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ, വിശിഷ്ടാതിഥികൾ, മറ്റ് അതിഥികൾ എന്നിവരുടെ സുരക്ഷയെ ബാധിച്ചേക്കാമെന്നും ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കു നൽകിയ പത്രക്കുറിപ്പിൽ പറയുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വിശിഷ്ടാതിഥികളുടെയും ദീർഘകാല നന്മയും സുരക്ഷിതത്വവും മുൻനിർത്തിയാണ് ബിരുദദാന ചടങ്ങ് മാറ്റിവെക്കാനുള്ള തീരുമാനത്തിലെത്തിയത്. ഈ പ്രയാസകരമായ നിമിഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങൾക്കൊപ്പമാണെന്നും സ്ഥാപനത്തിന്റെ പാരമ്പര്യം മാന്യതയോടെ നിലനിർത്താൻ ഏവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും നോട്ടിസിൽ പറയുന്നു.
യുവാക്കളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശമാണ് കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) രൂപവത്കരണത്തിലേക്ക് നയിച്ചത്. തൊഴിലില്ലാത്ത ചില യുവാക്കൾ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുമായി ചമഞ്ഞ് സമൂഹത്തെ ആക്രമിക്കുകയാണെന്നും ഇവർ കോക്രോച്ചുകളും പരാന്നഭോജികളുമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വൻ കൂട്ടായ്മയാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രസ്ഥാനമായി വളർന്നത്.
വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം
അർധരാത്രിക്ക് ശേഷം ലഭിച്ച അറിയിപ്പ് വിദ്യാർഥികൾക്ക് സാമ്പത്തികവും തൊഴിൽപരവും മാനസികവുമായ വലിയ പ്രയാസമുണ്ടാക്കിയെന്ന് ഇടതുപക്ഷ വിദ്യാർഥി സംഘടനയായ പി.എസ്.എഫ് (പ്രോഗ്രസീവ് സ്റ്റുഡന്‍റ്സ് ഫോറം) ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളും കുടുംബങ്ങളും യാത്രക്കായി ടിക്കറ്റും മറ്റും ബുക്ക് ചെയ്തിരുന്നു. ഫലപ്രഖ്യാപനത്തിലെയും സർട്ടിഫിക്കറ്റ് വിതരണത്തിലെയും കാലതാമസം ഉന്നതപഠനത്തെയും ജോലിയെയും ബാധിക്കുമെന്നത് കാര്യങ്ങൾ സങ്കീർണ്ണമാക്കും. ചടങ്ങ് നിശ്ചിത തീയതിയിൽ തന്നെ നടത്തണമെന്നും അല്ലെങ്കിൽ ബിരുദ സർട്ടിഫിക്കറ്റുകൾ തടസ്സമില്ലാതെ വിദ്യാർത്ഥികൾക്ക് എത്തിച്ചുനൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി.എസ്.എഫ് ആവശ്യപ്പെട്ടു. മുൻകൂട്ടി അറിയിക്കാതെയുള്ള ഈ തീരുമാനം വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും വലിയ ദുരിതമാണ് ഉണ്ടാക്കിയതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

