തിരുപ്പതി ലഡു വിവാദം: സി.ബി.ഐ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ സി.ബി.ഐ ഡയറക്ടറുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. കോടിക്കണക്കിന് ഭക്തരുടെ വികാരം മാനിച്ചാണ് നടപടിയെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. കോടതിയെ രാഷ്ട്രീയ പോർക്കളമാക്കാൻ അനുവദിക്കില്ലെന്ന് കോടതി ആവർത്തിച്ചു. സി.ബി.ഐ ഡയറക്ടർ നിർദേശിക്കുന്ന രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥർ, ആന്ധ്രപ്രദേശ് സർക്കാർ നിർദേശിക്കുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) ഉദ്യോഗസ്ഥൻ എന്നിവരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക.
തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നോ എന്നറിയാനാണ് സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രുപവത്കരിച്ചത്. ആന്ധ്രപ്രദേശ് സർക്കാറിന്റെ പ്രത്യേക അന്വേഷണ സംഘത്തിൽനിന്നും സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണം ഏറ്റെടുക്കും. നിലവിലുള്ള എസ്.ഐ.ടി അംഗങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതല്ല തങ്ങളുടെ ഉത്തരവെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു.
തിരുപ്പതി തിരുമല ദേവസ്ഥാന(ടി.ടി.ഡി)ത്തിനുവേണ്ടി സിദ്ധാർഥ് ലൂഥ്റയും ആന്ധ്ര സർക്കാറിനുവേണ്ടി മുകുൾ രോഹ്തഗിയും ഒരു ഭാഗത്തും മുൻ ടി.ടി.ഡി ചെയർമാൻ വൈ.വി. സുബ്ബറെഡ്ഢിക്കുവേണ്ടി കപിൽ സിബൽ മറുഭാഗത്തുമായി വാദപ്രതിവാദം മൂർച്ഛിച്ചപ്പോൾ ഇടപെട്ട ജസ്റ്റിസ് ഗവായ് ഇെതാരു രാഷ്ട്രീയ നാടകമാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഓർമിപ്പിച്ചു. സ്വതന്ത്രമായ ഒരു സംഘം അന്വേഷണം നടത്തിയാൽ ആത്മവിശ്വാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ വൈ.എസ്.ആർ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് ലഡു ഉണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലാബ് റിപ്പോർട്ട് ഉദ്ധരിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അവകാശപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം വിവാദം പൊട്ടിപ്പുറപ്പെട്ടത്. ആന്ധ്രാപ്രദേശ് സർക്കാറിനു വേണ്ടി ഹാജറായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയും ഹരജിക്കാരിൽ ഒരാളെ പ്രതിനിധീകരിച്ച കപിൽ സിബലും തമ്മിൽ രൂക്ഷമായ വാദം നടന്നു.
സംസ്ഥാന സർക്കാർ രൂപീകരിച്ച എസ്.ഐടിയെ അന്വേഷണവുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന് റോഹ്ത്തഗി പറഞ്ഞു. കോടതിക്ക് ഇഷ്ടമുള്ള ഏത് ഉദ്യോഗസ്ഥനെയും ചേർക്കാം. എസ്.ഐ.ടിക്കെതിരെ ഒരു ആരോപണവും ഉണ്ടാകില്ലെന്നും റോഹ്ത്തഗി പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനകൾ പക്ഷപാതപരമാണെന്നും ഒരു സ്വതന്ത്ര സമിതി ഇക്കാര്യം അന്വേഷിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. തുടർന്ന്, ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും സി.ബി.ഐയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

