തിരുച്ചെന്തൂരിൽ കടൽ ഉൾവലിഞ്ഞപ്പോൾ തെളിഞ്ഞത് പുരാതന കൽവിഗ്രഹങ്ങൾ, അപൂർവ കാഴ്ച
text_fieldsതൂത്തുക്കുടി: തമിഴ്‌നാട്ടിലെ പ്രശസ്തമായ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുന്നിലെ കടൽ പെട്ടെന്ന് 75 അടിയോളം ഉൾവലിഞ്ഞു. കടൽ പിൻവാങ്ങിയതോടെ വർഷങ്ങളായി വെള്ളത്തിനടിയിലായിരുന്ന പായൽ മൂടിയ പാറക്കെട്ടുകളും തകർന്ന നിലയിലുള്ള ചില പുരാതന കൽവിഗ്രഹങ്ങളും പുറത്തുവന്നു. ഇത് പ്രദേശവാസികൾക്ക് വലിയ കൗതുകത്തിനും വിസ്മയത്തിനും കാരണമായിട്ടുണ്ട്.
ക്ഷേത്രത്തിന് സമീപമുള്ള 'സെൽവ തീർത്ഥം' വരെയുള്ള ഏകദേശം 500 മീറ്റർ ഭാഗത്താണ് കടൽ വെള്ളം ഉൾവലിഞ്ഞത്. വെള്ളം മാറിയതോടെ തീരത്തോട് ചേർന്നുള്ള പാറക്കെട്ടുകൾ പൂർണമായി ദൃശ്യമായി. ഈ പാറക്കെട്ടുകൾക്കിടയിലാണ് തകർന്ന അവസ്ഥയിലുള്ള പുരാതന വിഗ്രഹങ്ങൾ കണ്ടത്. രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള തിരുച്ചെന്തൂർ ക്ഷേത്രത്തിൽ ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. തിരുച്ചെന്തൂർ തീരത്ത് കടൽ വലിഞ്ഞുമാറുന്നതും കടൽക്ഷോഭമുണ്ടാകുന്നതും മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഗ്രഹങ്ങൾ തെളിഞ്ഞത് കാണാൻ നിരവധി പേരാണ് തീരത്തേക്ക് തടിച്ചുകൂടുന്നത്.
വിദഗ്ധ പരിശോധനയ്ക്ക് ആവശ്യംപുറത്തുവന്ന കൽവിഗ്രഹങ്ങളുടെ പഴക്കമോ, ചരിത്രപരമായ പ്രാധാന്യമോ, അവ ഏത് കാലഘട്ടത്തിലുള്ളതാണെന്നോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ബന്ധപ്പെട്ട പുരാവസ്തു വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് കൃത്യമായ പരിശോധന നടത്തണമെന്നും കൽവിഗ്രഹങ്ങൾ സുരക്ഷിതമായി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ഭക്തർ ആവശ്യപ്പെട്ടു. കാലാവസ്ഥാ മുന്നറിയിപ്പും ജാഗ്രതയുംതെക്കൻ തമിഴ്‌നാട്ടിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുച്ചെന്തൂരിലും പരിസര പ്രദേശങ്ങളിലും കാർമേഘങ്ങൾ മൂടിയ അന്തരീക്ഷവും നേരിയ ചാറ്റൽമഴയും അനുഭവപ്പെടുന്നുണ്ട്. കടലിലെ അപ്രതീക്ഷിത മാറ്റങ്ങൾ കണക്കിലെടുത്ത് അധികൃതരും കോസ്റ്റ് ഗാർഡും തീരപ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

