സുരക്ഷാ വലയത്തിൽ കർണാടകയിൽ ഇന്ന് ടിപ്പു ജയന്തി
text_fieldsബംഗളൂരു: ബി.ജെ.പി, സംഘ്പരിവാർ സംഘടനകളുടെ എതിർപ്പിനിടെ കർണാടകയിൽ വെള്ളിയാഴ്ച ടിപ്പു ജയന്തി ആഘോഷിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ബംഗളൂരു, കുടക്, ഉഡുപ്പി, ദക്ഷിണ കന്നട, കോലാർ, ബീദർ, കലബുറഗി, യാദ്ഗിർ ജില്ലകളിൽ മുൻകരുതലായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. കുടക്, ഉഡുപ്പി, കോലാർ എന്നിവിടങ്ങളിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ടിപ്പുവിനെ എതിർക്കുന്ന സംഘടനകൾ കുടക് ജില്ലയിൽ ബന്ദിന് ആഹ്വനം ചെയ്തു.
സംസ്ഥാനതല ഉദ്ഘാടനം ബംഗളൂരു വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. എല്ലാ ജില്ല, താലൂക്ക് ആസ്ഥാനങ്ങളിലും ആഘോഷങ്ങൾ നടക്കും. ബംഗളൂരുവിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ റാലികൾക്കും പൊതുപരിപാടികൾക്കും സിറ്റി പൊലീസ് വിലക്കേർപ്പെടുത്തി. ടിപ്പു ജയന്തി സമാധാനപരമായി സംഘടിപ്പിക്കുന്നതിന് നഗരത്തിൽ എല്ലാവിധ പൊതുപരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ടി. സുനിൽകുമാർ അറിയിച്ചു.
13,000 പൊലീസുകാർക്കു പുറമെ, 30 കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ്, 20 സായുധ റിസർവ് പ്ലാറ്റൂൺസ് എന്നിവരെയും പ്രശ്നബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. മുൻകരുതലുകളുടെ ഭാഗമായി ഗുണ്ടകളെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും കരുതൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻകൂട്ടി ആവശ്യപ്പെട്ടതു പ്രകാരം ആഘോഷ പരിപാടികളിൽനിന്ന് ബി.ജെ.പി ജനപ്രതിനിധികളെ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
