Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇനി തുറന്ന ടിപ്പറുകൾ...

ഇനി തുറന്ന ടിപ്പറുകൾ ഭീഷണിയാകില്ല; ലോഡ് മൂടുന്നത് നിർബന്ധമാക്കി കേന്ദ്രം

text_fields
bookmark_border
ഇനി തുറന്ന ടിപ്പറുകൾ ഭീഷണിയാകില്ല; ലോഡ് മൂടുന്നത് നിർബന്ധമാക്കി കേന്ദ്രം
cancel

ന്യൂഡൽഹി: റോഡിലൂടെ സഞ്ചരിക്കുന്ന ടിപ്പർ, ഡമ്പർ വാഹനങ്ങളിൽ കയറ്റുന്ന മണ്ണ്, മണൽ, ചരൽ തുടങ്ങിയ വസ്തുക്കൾ വീഴുന്നത് തടയാൻ പുതിയ സുരക്ഷാ മാനദണ്ഡങ്ങളുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2027 ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ ടിപ്പർ, ഡമ്പർ വാഹനങ്ങളിലും ലോഡ് ബോഡി മുകളിൽനിന്ന് മൂടുന്ന സംവിധാനം നിർബന്ധമാക്കിയാണ് മന്ത്രാലയം ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.

2026 ജൂലൈ 28ന് മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം ആഗസ്റ്റ് 7ന് ഗസറ്റ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (12 അമെൻഡ്‌മെന്റ്) റൂൾസ്, 2026 പ്രകാരമാണ് 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസിൽ ഭേദഗതി വരുത്തിയത്. റോഡിലൂടെ സഞ്ചരിക്കുമ്പോൾ ടിപ്പറുകളിലും ഡമ്പറുകളിലും കയറ്റിയിരിക്കുന്ന വസ്തുക്കൾ സുരക്ഷിതമായി മൂടി സൂക്ഷിക്കുന്നതിനാണ് പുതിയ വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്.

ടിപ്പർ, ഡമ്പർ വാഹനങ്ങളുടെ പിന്നിലുള്ള മണ്ണ്, മണൽ, ചരൽ തുടങ്ങിയ ബൾക്ക് വസ്തുക്കൾ കൊണ്ടുപോകുന്ന വലിയ കണ്ടെയ്‌നർ പോലെയുള്ള ഭാഗമാണ് ലോഡ് ബോഡി. റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഈ ഭാഗം പൂർണമായി അടച്ച നിലയിലായിരിക്കണം. ലോഡ് മൂടുന്നതിനുള്ള സംവിധാനം ഇലക്ട്രിക്കൽ, ഇലക്ട്രോ മെക്കാനിക്കൽ, ഹൈഡ്രോളിക് അല്ലെങ്കിൽ മെക്കാനിക്കൽ രീതിയിൽ പ്രവർത്തിക്കുന്നതാകാം. അതായത്, വാഹനം ഓടുമ്പോൾ ലോഡ് മൂടുന്നതിനായി കൈകൊണ്ട് മാത്രം സ്ഥാപിക്കുന്ന കവറിന് പകരം വാഹനത്തിൽ തന്നെ സംയോജിപ്പിച്ച സംവിധാനമുണ്ടാകണം. ലോഡിന്‍റെ മുകൾഭാഗം മൂടാൻ അനുയോജ്യമായ ഏത് വസ്തുവും ഉപയോഗിക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ലോഡ് കവർ തുറന്നിരിക്കുകയോ ശരിയായി ഉറപ്പിച്ചിട്ടില്ലാതിരിക്കുകയോ ചെയ്താൽ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ക്യാബിനുള്ളിൽ ഓഡിയോ-വിഷ്വൽ അലർട്ട് സംവിധാനവും നിർബന്ധമാക്കും. ശബ്ദവും ദൃശ്യസൂചനയും വഴി ഡ്രൈവറെ മുന്നറിയിപ്പ് നൽകുന്നതായിരിക്കും ഈ സംവിധാനം.

പുതിയ ഭേദഗതിയിൽ വാഹനത്തിന്റെ ആകെ ഉയരവുമായി ബന്ധപ്പെട്ട വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഡ് മൂടുന്നതിനായി ടിപ്പറുകളിലും ഡമ്പറുകളിലും സ്ഥാപിക്കുന്ന സംവിധാനം, ചട്ടങ്ങളിൽ വ്യക്തമാക്കിയ വ്യവസ്ഥകൾക്ക് വിധേയമായി വാഹനത്തിന്റെ ആകെ ഉയരം അളക്കുമ്പോൾ പരിഗണിക്കില്ല.

2026 മാർച്ച് 20ന് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മാർച്ച് 27ന് ഗസറ്റിൽ പ്രസിദ്ധീകരിച്ച കരടിനെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് എതിർപ്പുകളും നിർദേശങ്ങളും ക്ഷണിച്ചിരുന്നു. ലഭിച്ച എതിർപ്പുകളും നിർദേശങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ഭേദഗതി വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ദിവസം മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും ടിപ്പർ, ഡമ്പർ വാഹനങ്ങളിൽ ലോഡ് മൂടുന്ന സംവിധാനം നിർബന്ധമാക്കുന്ന വ്യവസ്ഥ 2027 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road safetyTipper lorryNew rules
News Summary - ടിപ്പർ ലോഡ് കവർ 2027 മുതൽ നിർബന്ധം
Next Story