അത്ര നീറ്റല്ലാത്ത വിവാദത്തിന്റെ വഴി
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. തുടർന്ന് അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി പിറന്നു. ഇവർ നടത്തിയ ശക്തമായ സമരങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചു. ജന്തർ മന്തർ സമരവും ‘ചലോ പാർലമെന്റ്’ പ്രതിഷേധവും വിഷയത്തെ ദേശീയ -അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത, നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ തുടർച്ചയായ വീഴ്ചകൾ, സർക്കാറിന്റെ ഉത്തരവാദിത്തമില്ലായ്മ, വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ശക്തി എന്നിവയെല്ലാം തുറന്നുകാട്ടുന്നതായി നീറ്റ് വിവാദത്തിന്റെ നാൾവഴികൾ.
2026 മേയ് 3: രാജ്യത്തുടനീളം നീറ്റ്-യു.ജി പരീക്ഷ നടന്നു. ദശലക്ഷക്കണക്കിന് വിദ്യാർഥികൾ പരീക്ഷ എഴുതിയെങ്കിലും പരീക്ഷാസമയത്തുതന്നെ, ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം ഉയർന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സമാന പരാതികൾ പുറത്തുവന്നു. വിദ്യാർഥി പ്രതിഷേധം അതിവേഗം ദേശീയ തലത്തിലേക്ക് വ്യാപിച്ചു. പല നഗരങ്ങളിലും വിദ്യാർഥികളും രക്ഷിതാക്കളും തെരുവിലിറങ്ങി.
മേയ് 12: വ്യാപകമായ പ്രതിഷേധങ്ങളെ തുടർന്ന് ചോർച്ച സ്ഥിരീകരിച്ച് പരീക്ഷ റദ്ദാക്കി ഉത്തരവിറക്കി.
മേയ് 16: വിദ്യാർഥി നേതാവ് അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ പരീക്ഷാ തിരിമറികൾക്കെതിരെ ശബ്ദമുയർത്താൻ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന യുവജന സംഘടന രൂപംകൊണ്ടു.
ജൂൺ 6: ഡൽഹിയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആദ്യത്തെ വലിയ തെരുവ് പ്രതിഷേധം അരങ്ങേറി.
ജൂൺ 21: റദ്ദാക്കപ്പെട്ട നീറ്റ് പരീക്ഷക്ക് പകരം നാഷനൽ ടെസ്റ്റിങ് ഏജൻസി പുനഃപരീക്ഷ നടത്തി.
ജൂൺ 28: ജന്തർമന്തറിൽ സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആക്ടിവിസ്റ്റ് സോനം വാങ്ചുക് നിരാഹാര സമരം തുടങ്ങി.
ജൂലൈ 20: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനത്തിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന ‘ചലോ സൻസദ്’ മാർച്ച് ഡൽഹിയിൽ സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു. തലസ്ഥാനം ഭരണകൂട ഭീകരതയുടെ വിളനിലമായി. സോനം വാങ്ചുകിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
ജൂലൈ 21: വിദ്യാർഥി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് പ്രതിഷേധം നടത്തി.
ജൂലൈ 23: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് അഴിച്ചുപണി, പുതിയ സെക്രട്ടറിയെ നിയമിച്ചു. സോനം വാങ്ചുക് നിരാഹാര സമരം നിർത്തി.
ജൂലൈ 24: പരീക്ഷാ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ട് കർശന വ്യവസ്ഥകളോടെ പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രക്ഷോഭ നേതാക്കളും കേന്ദ്ര പ്രതിനിധികളും തമ്മിൽ നിരവധി ചർച്ചകൾ നടന്നു. വിദ്യാഭ്യാസമന്ത്രിയുടെ രാജി, പരീക്ഷാ സംവിധാനത്തിന്റെ സമഗ്ര പുനഃസംഘടന, വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കൽ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി എന്നിവയായിരുന്നു ആവശ്യത്തിൽ പ്രധാനം.
ജൂലൈ 25: രാജ്യവ്യാപകമായി തുടർന്ന ശക്തമായ പ്രക്ഷോഭങ്ങളുടെയും, സി.ജെ.പിയുടെ കർശന നിലപാടുകളുടെയും പശ്ചാത്തലത്തിൽ ധർമേന്ദ്ര പ്രധാൻ തന്റെ രാജി പ്രധാനമന്ത്രിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

