75 വയസ്സായാൽ വഴിമാറിക്കൊടുക്കണമെന്ന് മോഹൻ ഭാഗവത്; മോദിയെ ഉദ്ദേശിച്ചല്ലെന്ന് ബി.ജെ.പി, 'മോദിക്ക് ഇളവ് കൊടുത്തിട്ടുണ്ട്, അഞ്ചുവർഷം മുൻപ് വ്യക്തത വരുത്തിയതാണ്'
text_fieldsനാഗ്പുർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരോക്ഷ മുന്നറിയിപ്പുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. 75 വയസ്സായാൽ സന്തോഷത്തോടെ മറ്റുള്ളവർക്ക് വഴിമാറിക്കൊടുക്കണമെന്നാണ് മോഹൻ ഭാഗവതിന്റെ പരാമർശം. ആർ.എസ്.എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് പരാമർശം.
75 വയസ്സ് തികഞ്ഞ് ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ഥം നിങ്ങള്‍ക്ക് വയസ്സായി, മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് ഓര്‍മപ്പെടുത്തിയാണ് ഭാഗവതിന്റെ പരാമര്‍ശം. രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണം ഉണ്ടായിരുന്നിട്ടും, പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹൻ ഭാഗവതിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അടുത്ത സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകും. പ്രധാനമന്ത്രിക്കുള്ള പരോക്ഷ സന്ദേശമാണ് മോഹൻ ഭാഗവത് നൽകിയതെന്നാണ് പ്രതിപക്ഷ നേതാക്കൾ പറയുന്നത്.
എൽ.കെ.അദ്വാനി, മുരളീ മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ് തികഞ്ഞപ്പോൾ മോദി വിരമിക്കാൻ നിർബന്ധിച്ചെന്നും ആ നിയമം അദ്ദേഹത്തിന് ബാധകമാകുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം.
ഭാഗവതിന്റെ പരാമര്‍ശത്തിന് പിന്നാലെ വെട്ടിലായ ബി.ജെ.പി വിശദീകരണവുമായി വന്നു. പറഞ്ഞത് പ്രധാനമന്ത്രി മോദിയെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹത്തിന് പ്രായപരിധിയില്‍ നേരത്തെ ഇളവ് കൊടുത്തിട്ടുള്ളതാണെന്നാണ് ബി.ജെ.പി പറയുന്നത്. അഞ്ചുവര്‍ഷം മുമ്പ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് ബി.ജെ.പി വ്യത്തങ്ങള്‍ പറയുന്നു.
അതേസമയം, മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വന്ന അതേ ദിവസം വിരമിക്കലിനു ശേഷമുള്ള തന്റെ ആഗ്രഹങ്ങളെ കുറിച്ച് അമിത് ഷാ മറ്റൊരു പരിപാടിയിൽ സംസാരിച്ചത് ശ്രദ്ധേയമായി.
വിരമിക്കുന്നത് എപ്പോഴാണ് പറഞ്ഞില്ലെങ്കിലും വിരമിക്കലിനു ശേഷം വേദങ്ങൾ, ഉപനിഷത്തുകൾ, ജൈവകൃഷി എന്നിവക്കായി സമയം സമർപ്പിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

