‘അപകീർത്തി കുറ്റകരമല്ലാതാക്കാനുള്ള സമയമായി’; ‘ദി വയറി’നെതിരായ കേസിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അപകീർത്തി കുറ്റകരമല്ലാതാക്കാനുള്ള സമയമായെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിരമിച്ച അധ്യാപിക അമൃത സിങ് ന്യൂസ് പോർട്ടലായ ‘ദി വയറി’നെതിരെ ഫയൽ ചെയ്ത കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും അടങ്ങുന്ന ബെഞ്ച് ഈ നീക്കത്തെ അനുകൂലിക്കും വിധമുള്ള പരാമർശം നടത്തിയത്.
ജെ.എൻ.യുവിനെ ‘സംഘടിത ലൈംഗിക റാക്കറ്റിന്റെ ഗുഹ’ എന്ന് വിശേഷിപ്പിക്കുന്ന 200 പേജുള്ള ഒരു രേഖ തയ്യാറാക്കിയ ജെ.എൻ.യു അധ്യാപകരുടെ ഒരു സംഘത്തിന്റെ നേതാവായിരുന്നു പ്രഫസർ അമിത സിങ് എന്ന് പരാമർശിച്ച ലേഖനവുമായി ബന്ധപ്പെട്ട് 2016ൽ ‘ദി വയറി’നും അതിന്റെ റിപ്പോർട്ടർക്കും എതിരെ അവർ ഒരു ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വാർത്താപോർട്ടൽ സമർപിച്ച ഹരജിയിൽ ആണ് വാദം നടക്കുന്നത്.
‘ദി വയർ’ നടത്തുന്ന ഫൗണ്ടേഷൻ ഫോർ ഇൻഡിപെൻഡന്റ് ജേണലിസം സമർപ്പിച്ച ഹരജിയിൽ സിങ്ങിന് കോടതി നോട്ടീസ് അയച്ചു. ‘ഇതെല്ലാം കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത് എത്രകാലം നിങ്ങൾ വലിച്ചിഴച്ചുകൊണ്ടുപോകുമെന്നും’ ജസ്റ്റിസ് സുന്ദരേശ് ചോദിച്ചതായി നിയമ വാർത്തകൾക്കായുള്ള വെബ്‌സൈറ്റ് ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോർട്ട് ചെയ്തു.
ന്യൂസ് പോർട്ടലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ജഡ്ജിയുടെ പരാമർശത്തോട് യോജിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും സമാനമായ ഒരു കേസ് ഉണ്ടെന്ന് കപിൽ സിബൽ കോടതിയെ അറിയിച്ചു.
പുതിയ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 356 മാനനഷ്ടത്തെ കുറ്റകരമാക്കുന്നു. ക്രിമിനൽ അപകീർത്തിയെക്കുറിച്ചുള്ള മുൻ വ്യവസ്ഥയായ ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 499ന് പകരമായാണ് സെക്ഷൻ 356 നിലവിൽ വന്നത്. അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമായ ചുരുക്കം ചില ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മിക്ക ഭരണകൂടങ്ങളിലും മാനനഷ്ടം സിവിൽ കുറ്റം മാത്രമായേ കാണുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

