‘ഏക സിവിൽകോഡാണ് പരിഹാരം...’; നടപ്പാക്കാൻ സമയമായെന്ന് വാക്കാൽ പരാമർശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവിൽ കോഡിന് സമയമായെന്ന് വാക്കാൽ പരാമർശിച്ച് സുപ്രീംകോടതി. മുസ്‌ലിം സ്ത്രീകൾക്ക് അനന്തരാവകാശത്തിൽ തുല്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ശരീഅത്ത് അനന്തരവകാശ നിയമം മുസ്ലിം സ്ത്രീകൾക്കെതിരായ വിവേചനമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു. വ്യക്തിനിയമങ്ങൾ അസാധുവാക്കി ഒരു ശൂന്യത സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്, അത് നിയമനിർമാണ സഭയുടെ വിവേകത്തിന് വിട്ടുകൊടുക്കുന്നതാണെന്നും ഏക സിവിൽ കോഡിനായി സഭക്ക് ഒരു നിയമം കൊണ്ടുവരാൻ സാധിക്കുമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. ഏക സിവിൽ കോഡ് നടപ്പാക്കാൻ ഈ കോടതി ഇതിനകം ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘പരിഷ്കാരങ്ങളോടുള്ള അമിതാവേശത്തിൽ, നാം അവരെ ഒന്നും ഇല്ലാത്ത അവസ്ഥയിലാക്കിയേക്കാം -ഇപ്പോൾ ലഭിക്കുന്നതുപോലും കിട്ടാത്ത അവസ്ഥ വന്നേക്കാം. 1937ലെ ശരീഅത്ത് നിയമം പോയാൽ, പിന്നെ എന്ത്? അത് അനാവശ്യ ശൂന്യത സൃഷ്ടിക്കില്ലേ?’ -ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് ചോദിച്ചു. ഇതിനെ പിന്തുണച്ച ചീഫ് ജസ്റ്റിസ്, ഏക സിവിൽ കോഡാണ് ഇതിനുള്ള ഉത്തരമെന്നും വ്യക്തമാക്കി. ശരീഅത്ത് പിന്തുടർച്ചാവകാശ നിയമം കോടതി റദ്ദാക്കിയാൽ, മുസ്‌ലിം പിന്തുടർച്ചാവകാശം നിയന്ത്രിക്കുന്നതിനാവശ്യമായ നിയമപരമായ ചട്ടങ്ങൾ ഇല്ലാത്തത് പ്രശ്നമാകില്ലേ എന്ന് ബെഞ്ച് ചോദിച്ചു. എന്നാല്‍ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുമെന്നാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ മറുപടി നൽകിയത്.
മുസ്ലിം സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ അനന്തരാവകാശ അവകാശങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് കോടതിക്ക് പ്രഖ്യാപിക്കാൻ കഴിയുമെന്ന് പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. 1937ലെ മുസ്ലിം പേഴ്സണൽ ലോ (ശരീഅത്ത്) ആപ്ലിക്കേഷൻ നിയമം കോടതി റദ്ദാക്കുകയാണെങ്കിൽ, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

