ടിക്ടോക് താരം ഡൽഹിയിൽ വെടിയേറ്റ് മരിച്ചു
text_fieldsന്യൂഡൽഹി: വിഡിയോ ആപ്പായ ടിക്ടോക്കിലൂടെ ശ്രദ്ധേയനായ ഡൽഹി സ്വദേശി അജ്ഞാതരായ മൂന്നംഗ സംഘത്തിൻെറ വെടിയേറ്റ് മരിച്ചു. ടിക്ടോക്കിൽ അഞ്ച് ലക്ഷം പേർ പിന്തുടരുന്ന മോഹിത് മോർ(24) ആണ് വെടിയേറ്റ് മരിച്ചത്. ഫിറ്റ്നസ് ട്രെയിനർ കൂടിയായ ഇയാൾ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും സ്ഥിരമായി വിഡിയോകൾ ചിത്രീകരിച്ച് ഇടാറുണ്ടായിരുന്നു.
നജഫ്ഗഢിലെ ജിമ്മിൽ പോവാറുണ്ടായിരുന്ന മോഹിത് ഇതിന് സമീപത്തുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽ ഒരു സുഹൃത്തിനെ കാണാനായെത്തിയപ്പോഴായിരുന്നു വെടിയേറ്റത്. കടയിലെ സോഫയിൽ ഇരുന്ന് സുഹൃത്തുമായി സംസാരിക്കുകയായിരുന്നു ഇയാൾ. ഈ സമയം ഇരുചക്രവാഹനത്തിലെത്തിയ മൂന്ന് പേർ കടയിലേക്ക് എത്തുകയും മോഹിതിന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് സോഫയിലേക്ക് വീണ മോഹിത്തിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിയുതിർത്ത ശേഷം തിരിച്ച് പോകുന്ന അക്രമികളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് പേർ ഹെൽമറ്റ് ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്. എന്നാൽ ഒരാളുടെ മുഖം വ്യക്തമായി കാണാം. കൊലപാതകത്തിന് പിന്നിൽ വ്യക്തിവിരോധമോ സാമ്പത്തികപരമായ തർക്കമോ ആകാമെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. മോഹിത്തിൻെറ ടിക്ടോക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും അതിൽവന്ന കമൻറുകളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഉൗർജ്ജിതമാക്കിയിട്ടുണ്ട്.
