സുരക്ഷാവലയത്തിൽ സംഭലിൽ ജുമുഅ
text_fieldsലഖ്നോ: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷിക ദിനവും വെള്ളിയാഴ്ച ജുമുഅ നമസ്കാരവും കണക്കിലെടുത്ത് ഉത്തർപ്രദേശിലെ സംഭൽ ശാഹി ജമാ മസ്ജിദ് പരിസരത്ത് ഏർപ്പെടുത്തിയത് കനത്ത സുരക്ഷ സന്നാഹം. സമാധാനപരമായി പ്രാർഥന നടന്നു. അധിക സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും പ്രധാന കേന്ദ്രങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
പലയിടത്തും നിരീക്ഷണ കാമറകൾ സ്ഥാപിച്ചതിനൊപ്പം ഡ്രോൺ നിരീക്ഷണവും നടത്തി. വ്യാഴാഴ്ച പൊലീസ് സംഭലിൽ ഫ്ലാഗ് മാർച്ച് നടത്തി. പുരോഹിതന്മാരും മസ്ജിദ് കമ്മിറ്റിയും സമാധാനാഹ്വാനം നടത്തിയിരുന്നു. അധികൃതർ മുൻകൈയെടുത്ത് സമാധാന സമിതി രൂപവത്കരിച്ചിരുന്നു. വാർഡ് തലത്തിലും സമാധാന സമിതി രൂപവത്കരിക്കുമെന്ന് ഡി.ഐ.ജി മുനിരാജ് പറഞ്ഞു.
പരമാവധി ആളുകളോട് തദ്ദേശങ്ങളിലെ മസ്ജിദുകളിൽ ജുമുഅ നമസ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും സംഭൽ ശാഹി മസ്ജിദിലും ധാരാളം പേർ നമസ്കാരത്തിനെത്തി. നവംബർ 24ലെ അക്രമവുമായി ബന്ധപ്പെട്ട് 400 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ പതിക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ട്രാൻസ്ഫോർമറുകളും വാഹനങ്ങളും ഉൾപ്പെടെ കത്തിച്ച് ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നവംബർ 24ന് പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

