കച്ചമുറുക്കി പാർട്ടികൾ; ഇനി പോരാട്ടം സമൂഹ മാധ്യമങ്ങളിൽ
text_fieldsലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിന് കേളികൊട്ടുയർന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികൾ വെർച്വൽ പോരാട്ടത്തിനുള്ള തയാറെടുപ്പിൽ. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനുവരി 15വരെ റാലികൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രണമേർപ്പെടുത്തിയതിനാലാണ് സമൂഹമാധ്യമ പോരാട്ടത്തിന് വഴിതുറന്നത്.
കൂടുതൽ മണ്ഡലങ്ങൾ ഉള്ളതിനാലും ദേശീയപ്രാധാന്യമുള്ളതിനാലും ഉത്തർപ്രദേശിലാണ് സോഷ്യൽമീഡിയ അങ്കം കൂടുതൽ. സമൂഹമാധ്യമങ്ങളിൽ ബി.ജെ.പിക്ക് നല്ല സാന്നിധ്യമുണ്ടെങ്കിലും സമാജ്വാദി പാർട്ടിയടക്കമുള്ളവർ ഡിജിറ്റൽ പോരാളികളെ ശക്തിപ്പെടുത്താനും പിന്തുണ വർധിപ്പിക്കാൻ തന്ത്രങ്ങൾ ആവിഷ്കരിക്കാനുമുള്ള ശ്രമത്തിലാണ്. വെർച്വൽ പ്രചാരണ തന്ത്രങ്ങൾക്കുള്ള പ്രവർത്തനങ്ങളിലാണെന്ന് ബി.ജെ.പി സംസ്ഥാന മാധ്യമ ഇൻചാർജ് മനീഷ് ദീക്ഷിത് വാർത്ത ഏജൻസിയോട് പറഞ്ഞു.
വാട്സ്ആപ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ ആളുകളെ ബന്ധപ്പെടാൻ ബൂത്ത്തല ഭാരവാഹികൾക്ക് ചുമതലയും നൽകിയിട്ടുണ്ട്. ബി.ജെ.പിയുടെ മുഖ്യ എതിരാളിയായ എസ്.പി, വെർച്വൽ പ്രചാരണ ഭാഗമായി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പരിപാടികൾ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ 40 ശതമാനം പേരും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്തതിനാൽ പാർട്ടിയുടെ ശ്രദ്ധ അവ കൂടുതൽ കൈവശമുള്ള യുവാക്കളിലാണെന്നും ഗ്രാമങ്ങളിൽ ആയിരക്കണക്കിന് വാട്സ്ആപ് ഗ്രൂപ്പുകൾ സൃഷ്ടിച്ച് യുവാക്കളെ ചേർക്കുന്നുണ്ടെന്നും എസ്.പി ദേശീയ വക്താവ് അശുതോഷ് വർമ പറഞ്ഞു.
പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൂർവാഞ്ചൽ, പശ്ചിമാഞ്ചൽ, ബുന്ദേൽഖണ്ഡ്, മധ്യാഞ്ചൽ എന്നിവക്കായി പ്രത്യേക സമൂഹമാധ്യമ സെല്ലുകൾ ഉണ്ടാക്കിയതായും ആം ആദ്മി പാർട്ടി സംസ്ഥാന വക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു. സംസ്ഥാനത്തെ പൊള്ളുന്ന പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ മുന്നിൽ വെക്കുമെന്ന് കോൺഗ്രസ് മീഡിയ കോഓഡിനേറ്റർ ലാലൻ കുമാർ പറഞ്ഞു.
യു.പിയിൽ 80ഉം 20ഉം ശതമാനങ്ങൾ തമ്മിലുള്ള മത്സരം -യോഗി
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിന്ദു - മുസ്ലിം ധ്രുവീകരണത്തിന് വർഗീയച്ചുവയുള്ള വിദ്വേഷ പ്രസ്താവനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് യോഗി പ്രസ്താവിച്ചു. യു.പിയിലെ ഹിന്ദു - മുസ്ലിം ജനസംഖ്യ സൂചിപ്പിച്ചാണ് യോഗിയുടെ പ്രസംഗം.
സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ യു.പിയിലെ ബ്രാഹ്മണ വോട്ടുകളെ കുറിച്ചുള്ള ചോദ്യമുയർന്നപ്പോഴാണ് യോഗി തന്റെ ഉത്തരത്തെ വർഗീയമായി തിരിച്ചുവിട്ടത്. ഉവൈസി 19 ശതമാനമാണ് പറയുന്നത് എന്ന് ചാനലുകാരൻ എണ്ണയൊഴിച്ചപ്പോൾ യോഗി പ്രസ്താവന വിശദീകരിച്ചു. 80 ശതമാനം ദേശീയതയെയും വികസനത്തെയും സദ്ഭരണത്തെയും പിന്തുണക്കുന്നവരും മറ്റുള്ളവർ മാഫിയകളെയും ക്രിമിനലുകളെയും പിന്തുണക്കുന്നവരുമാണെന്നും യോഗി കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് ഇംറാൻ മസൂദ് എസ്.പിയിലേക്ക്
ന്യൂഡൽഹി: സമാജ്വാദി പാർട്ടിയിൽ ചേരുമെന്ന സൂചന നൽകി ഉത്തർപ്രദേശ് കോൺഗ്രസ് നേതാവ് ഇംറാൻ മസൂദ് അനുയായികളുടെ യോഗം വിളിച്ചു. സഹാറൻപുരിലെ തന്റെ വീട്ടിലാണ് പടിഞ്ഞാറൻ യു.പിയിലെ പ്രമുഖ കോൺഗ്രസ് നേതാവായ മസൂദ് യോഗം വിളിച്ചത്. വോട്ടു ഭിന്നിക്കാതിരിക്കാനാണ് ഇത്തരമൊരു ആലോചനയിലേക്ക് നീങ്ങിയതെന്ന് മസൂദ് പറഞ്ഞു. രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി 14നാണ് സഹാറൻപുരിലെ വോട്ടെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

