കോളജിൽനിന്ന് പോകാൻ മടിച്ച് കടുവ; കൂട്ടിക്കൊണ്ടുപോയി വനം ഉദ്യോഗസ്ഥർ
text_fieldsഭോപാൽ: ഭോപാലിലെ മൗലാന ആസാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒരാഴ്ചയോളം കറങ്ങിനടന്ന കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ജനവാസ മേഖലയാൽ ചുറ്റപ്പെട്ടു കിടക്കുന്ന കാമ്പസിൽ കടുവ കയറിയത് പ്രദേശവാസികളിലും ആശങ്കയുണ്ടാക്കിയിരുന്നു. ഒക്ടോബർ എട്ടിനാണ് കടുവ കോളജിനകത്ത് പ്രവേശിക്കുന്നത്. കാമ്പസിനുള്ളിലെ കുറ്റിക്കാടുകളിൽ അലഞ്ഞുതിരിയുന്നതിനിടെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങുകയായിരുന്നു. കടുവയെ സത്പുര കടുവ സങ്കേതത്തിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ അലോക് പതക് വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
ഈ മാസം രണ്ടാമത്തെ കടുവയാണ് 650 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കാമ്പസിനുള്ളിൽ പ്രവേശിക്കുന്നത്. ഒക്ടോബർ മൂന്നിനാണ് ആദ്യത്തെ കടുവ എത്തുന്നത്. രണ്ട് പശുക്കളെ കൊല്ലുകയും മറ്റു രണ്ടെണ്ണത്തെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പ് ഈ കടുവ കാമ്പസ് വിട്ടതായി പതക് അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ 16 കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അമ്പതോളം വനംവകുപ്പ് ജീവനക്കാർ ഇപ്പോഴും കാമ്പസ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യത്തെ കടുവ കാമ്പസിൽ പ്രവേശിച്ചത് നിരീക്ഷണ കാമറകളിൽ തെളിഞ്ഞതോടെ ഒക്ടോബർ 11 മുതൽ 30 വരെ ബിരുദ വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വനംവകുപ്പ് സുരക്ഷ ഉറപ്പാക്കിയതോടെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് നിലവിൽ ക്ലാസുകൾ നടക്കുന്നുണ്ടെന്ന് കോളജ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

