ഭോപ്പാൽ: മധ്യപ്രദേശിൽ സിയോനി ജില്ലയിലെ പെഞ്ച് കടുവ സംരക്ഷണ കേന്ദ്രത്തിൽ ഒരു കടുവയെക്കൂടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാഴ്ച്ചക്കിടെ അഞ്ചാം തവണയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവകൾ തമ്മിലുണ്ടായ പോരാട്ടത്തിനിടെയായിരിക്കാം മരണമെന്നാണ് നിഗമനം.
കുറൈ റേഞ്ചിൽ പട്രോളിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥരാണ് കടുവയുടെ ജഡം കണ്ടെത്തിയത്. രണ്ട് വയസ്സ് പ്രായമായ കടുവയുടെ ജഡമാണ് കണ്ടെത്തിയതെന്ന് പി.ടി.ആർ ഡെപ്യൂട്ടി ഡയറക്ടർ രജനീഷ് കുമാർ സിങ് പറഞ്ഞു. ജഡത്തിന്റെ ഭൂരിഭാഗവും ഭക്ഷിച്ചതായും സമീപത്ത് രക്തക്കറ കണ്ടെത്തി. ചത്ത കടുവയുടെ മുൻകാലുകൾക്കും പല്ലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല. വാലും പിൻകാലുകളും നഖങ്ങളും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തിയതായും സംഭവസ്ഥലത്ത് സംശയാസ്പദമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പട്രോളിങിനിടെ ദിവസങ്ങൾക്ക് മുൻപ് സംഘം പ്രായപൂർത്തിയായ കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയിരുന്നു.