വന്ദേഭാരത് എക്സ്പ്രസിലും തിങ്ങിനിറഞ്ഞ് ടിക്കറ്റില്ല യാത്രക്കാർ; വിഡിയോ വൈറലായതോടെ പ്രതികരണവുമായി റെയിൽവേ
text_fieldsന്യൂഡൽഹി: എ.സി കോച്ചുകളിൽ ഉൾപ്പടെ ജനറൽ ടിക്കറ്റ് എടുത്തവർ കയറുകയും ഇതുമൂലം റിസർവേഷൻ യാത്രികർക്ക് ഇരിക്കാൻ പോലും സ്ഥലം ലഭിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്ത നിരവധി സംഭവങ്ങൾ ഈയടുത്തായി ഇന്ത്യൻ റെയിൽവേയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതാദ്യമായി റെയിൽവേയുടെ പ്രീമിയം ട്രെയിനായ വന്ദേഭാരതിൽ ടിക്കറ്റില്ലാ യാത്രികർ നിറഞ്ഞതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
അർച്ചിത് നഗർ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് വിഡിയോ പുറത്ത് വന്നത്. വിഡിയോ ഇൻഡ്യൻ ടെക് ആൻഡ് ഇൻഫ്ര എന്ന അക്കൗണ്ടിലും വന്നതോടെ ഇത് അതിവേഗത്തിൽ വൈറലാവുകയായിരുന്നു. ലഖ്നോവിൽ നിന്നും ഡെറാഡൂണിലേക്കുള്ള വന്ദേഭാരതിന്റെ കോച്ചിലാണ് ടിക്കറ്റില്ല യാത്രികർ നിറഞ്ഞത്. വിഡിയോ ഒരു മില്യൺ ആളുകൾ കണ്ടതോടെ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തി.
റെയിൽസേവ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് പ്രതികരണം പുറത്ത് വന്നത്. പരാതി തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ സഹായം നൽകുമെന്നും റെയിൽസേവ അക്കൗണ്ടിൽ നിന്നും വന്ന സന്ദേശത്തിൽ പറയുന്നു. റെയിൽവേ ഉദ്യോഗസ്ഥരെ എക്സിൽ ടാഗ് ചെയ്തായിരുന്നു റെയിൽസേവയുടെ പോസ്റ്റ്.
വിഡിയോ പുറത്ത് വന്നതോടെ വൻ തുക യാത്രക്കാരിൽ നിന്നും ഈടാക്കി സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ സുരക്ഷക്കായി പ്രത്യേക പൊലീസുകാരെ നിയമിക്കണമെന്നും എക്സിലെ കമന്റുകളിലൊന്നിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

