തൃക്കാക്കര സ്ഥാനാർഥിയെ തീരുമാനിച്ചത് സഭയല്ല- യെച്ചുരി
text_fieldsന്യൂഡൽഹി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥിയെ നിർത്തുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ചർച്ച ചെയ്തിട്ടാണ് തീരുമാനിച്ചതെന്നും സഭയുടെ സ്ഥാനാർഥി എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതു സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള കെ.വി തോമസിന്‍റെ തീരുമാനം സ്വാഗതം ചെയ്ത യെച്ചൂരി രാഷ്ട്രീയത്തിൽ തന്നെക്കാൾ അനുഭവസമ്പത്തുള്ള നേതാവാണ് അദ്ദേഹമെന്നും പ്രതികരിച്ചു. രണ്ട് ദിവസം നീണ്ട പോളിറ്റ്ബ്യറോ യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
രാജ്യദ്രോഹ നിയമം മരവിപ്പിച്ചുളള സുപ്രീംകോടതി നിലപാട് പോളിറ്റ്ബ്യൂറോ സ്വഗതം ചെയ്തു. 124 എ വകുപ്പിന് കീഴിലുള്ള രാജ്യദ്രോഹക്കുറ്റത്തിന് എല്ലാ കാലത്തും സി.പി.എം എതിരായിരുന്നു. സ്വാതന്ത്ര്യ സമരത്തെ തകർക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിത്. ഇത്തരം നിയമങ്ങളുടെ ദുരുപയോഗമാണ് മോദി ഭരണത്തിൽ നടക്കുന്നതെന്നും പി.ബി ചൂണ്ടിക്കാട്ടി.
ജഹാംഗീർപുരിയിലും ഡൽഹിയിലെ മറ്റ് പ്രദേശങ്ങളിലും ലക്ഷ്യമിട്ടുള്ള ബുൾഡോസർ രാഷ്ട്രീയം വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടുന്നതിനുമുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായാണെന്ന് പി.ബി ചൂണ്ടിക്കാട്ടി. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ അക്രമ സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പി.ബി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സൗഹാർദ്ദവും നിലനിർത്തുന്നതിനും രംഗത്തിറങ്ങാൻ എല്ലാ പാർട്ടി ഘടകങ്ങളോടും ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

