ഡൽഹി വംശീയാതിക്രമത്തിന് മൂന്നുവർഷം; യഥാർഥ ഉത്തരവാദികളെ പിടികൂടിയില്ലെന്ന് നിയമജ്ഞർ
text_fieldsന്യൂഡൽഹി: പൗരത്വ സമരത്തിനുനേരെ നടന്ന വടക്കുകിഴക്കൻ ഡൽഹി വംശീയാക്രമണത്തിന് മൂന്നു വർഷം തികയുമ്പോഴും യഥാർഥ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെന്നും അവർക്കെതിരെ നടപടിയെടുത്തില്ലെന്നും പ്രമുഖ നിയമജ്ഞരും മുൻ ജഡ്ജിമാരും കുറ്റപ്പെടുത്തി. ഡൽഹി വംശീയാതിക്രമത്തിന് ഭരണകൂടത്തിനുള്ള പങ്കിനെ അവർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഡൽഹി വംശീയാതിക്രമത്തിൽ പൊലീസിന്റെ ഉത്തരവാദിത്തം നിർണയിക്കേണ്ടതുണ്ടെന്ന് മൂന്നാം വാർഷികത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകുർ വ്യക്തമാക്കി. യഥാർഥ അന്വേഷണം നടത്തിയാൽ ഡൽഹി പൊലീസ് ഉത്തരവാദികളാകും. പൊലീസ് പൊതുസ്വത്തുക്കൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമാണെന്നും ജസ്റ്റിസ് ലോകുർ പറഞ്ഞു.
തന്റെ പിതാമഹൻ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്നുവെന്നും സവർക്കറെ കുറിച്ചും ഹിന്ദു മഹാസഭ പാർശ്വവൽകൃതരോട് സ്വീകരിച്ച സമീപനത്തെ കുറിച്ചും ഭൂരിപക്ഷ വാദത്തെ കുറിച്ചും വായിച്ചാണ് താൻ വളർന്നതെന്നും ജസ്റ്റിസ് എ.പി ഷാ പറഞ്ഞു. ഇവയെല്ലാം പ്രശ്നവത്കരിക്കേണ്ടതാണ്. നിയമപരമായ പശ്ചാത്തലത്തിൽനിന്നുള്ള ആളെന്ന നിലയിൽ നിയമം നടപ്പാക്കിയതുകൊണ്ട് മാത്രം ഇതിനെ നേരിടാനാകുമെന്ന് കരുതുന്നില്ലെന്ന് ജസ്റ്റിസ് ഷാ തുടർന്നു. ബഹുസ്വര സമൂഹത്തെ പുനർവിഭാവനം ചെയ്യാൻ എല്ലാവരും ഒരുമിക്കേണ്ടതുണ്ടെന്ന് ഷാ വ്യക്തമാക്കി.
യു.എ.പി.എ ചുമത്തി ഒരാളെ 90 മുതൽ 180 ദിവസം വരെ ജയിലിലിടുക മാത്രമല്ല, ഒരു കേസിലെ എല്ലാ പ്രതികളെയും ഒരുമിച്ച് അറസ്റ്റ് ചെയ്യാതിരിക്കുകയെന്ന തന്ത്രം കൂടി പൊലീസ് സ്വീകരിച്ചിരിക്കുന്നുവെന്ന് യു.എ.പി.എ ചുമത്തപ്പെട്ട ഖാലിദ് സൈഫിയുടെ അഭിഭാഷക കൂടിയായ അഡ്വ. റെബേക്ക ജോൺ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

