ചെന്നൈ: അബദ്ധത്തിൽ ഡാമിൽ വീണ രണ്ട് യുവാക്കളെ ഉടുത്തിരുന്ന സാരി എറിഞ്ഞുകൊടുത്ത് രക്ഷിച്ച മൂന്ന് യുവതികൾക്ക് തമിഴ്നാട് സർക്കാറിെൻറ ധീരതക്കുള്ള 'കൽപന ചൗള' പുരസ്കാരം. ദുരന്തത്തിൽ രണ്ടുപേർ മരിച്ചിരുന്നു.
സെന്തമിഴ് ശെൽവി (38), മുത്തമ്മാൾ (34), ആനന്ദവല്ലി (34) എന്നിവരെ ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആദരിച്ചു. പെരമ്പലൂർ ജില്ല ഭരണകൂടമാണ് അവാർഡിന് ശിപാർശ ചെയ്തത്.ആഗസ്റ്റ് ഒമ്പതിന് പെരമ്പലൂർ കോട്ടറൈ ഡാമിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് അണക്കെട്ടിൽ കുളിക്കാനെത്തിയ യുവാക്കളാണ് അപകടത്തിൽപെട്ടത്. ഇതു കണ്ട് ഒാടിയെത്തിയ യുവതികൾ ഉടുത്തിരുന്ന സാരികൾ അഴിച്ച് എറിഞ്ഞുകൊടുക്കുകയായിരുന്നു. കാർത്തിക്, ശെന്തിൽവേലൻ എന്നിവരാണ് രക്ഷപ്പെട്ടത്. രഞ്ജിത്(25), പവിത്രൻ(17) എന്നിവർ മരിച്ചു.