ശ്രീനഗറിൽ സി.ആർ.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം; പൊലീസുകാരന് വീരമൃത്യു, മൂന്നു ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: ശ്രീനഗറിലെ പാന്താചൗക്കിൽ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആർ.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ഒരു പൊലീസുകാരന് വീരമൃത്യു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബാബു റാം ആണ് മരിച്ചത്.
പ്രത്യാക്രമണത്തിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് പെട്രോളിങ് നടത്തിയത്. ഇതിനിടെയാണ് തെരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
ശനിയാഴ്ച ജമ്മു കശ്മീരിലെ പുൽവാമ സദൂര ഏരിയയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളെ സേന വധിച്ചു.
വെള്ളിയാഴ്ച ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ കിലോറ ഏരിയയിലുണ്ടായ ഏറ്റുമുട്ടലിൽ നാലു തീവ്രവാദികളെ തിരിച്ചിലിനിടെ സുരക്ഷസേന വധിച്ചിരുന്നു.

