16കാരന്‍റെ ആത്മഹത്യ: പ്രധാന അധ്യാപികയേയും മൂന്ന് അധ്യാപകരേയും ഡൽഹി സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സെന്റ് കൊളംബാസ് സ്കൂളിലെ 16 കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന അധ്യാപികയേയും മൂന്ന് അധ്യാപകരേയും സസ്പെൻഡ് ചെയ്തു. എലവേറ്റഡ് മെട്രോ സ്റ്റേഷന്റെ മുകളിൽ നിന്ന് ചാടിയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. ഇതേ തുടർന്ന് സ്കൂളിൽ വലിയ പ്രക്ഷേഭമാണ് നടക്കുന്നത്. ആത്മഹത്യ ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് സസ്പെൻഷൻ.
കൗമാരക്കാരന്റെ പിതാവിന്‍റെ പരാതിപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സ്‌കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പ്രധാന അധ്യാപികയായ അപരാജിത പാൽ, അധ്യാപകരായ ജൂലി വർഗീസ്, മനു കൽറ, യുക്തി അഗർവാൾ മഹാജൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആത്മഹത്യാക്കുറിപ്പിൽ ശൗര്യ പാട്ടീൽ "ക്ഷമിക്കണം മമ്മി, ഞാൻ പലതവണ നിങ്ങളുടെ ഹൃദയം തകർത്തു, ഞാൻ അവസാനമായി അത് ചെയ്യുന്നു. സ്കൂളിലെ അധ്യാപകർ ഇങ്ങനെയാണ്, ഞാൻ എന്താണ് ചെയ്യുക?". എന്നെഴുതിയിട്ടുണ്ട്.
കുട്ടിയുടെ പിതാവ് പ്രദീപ് പാട്ടീൽ തന്‍റെ മകനെ അധ്യാപകർ മകനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് പരാതി നൽകിയിരുന്നത്. കോളജിൽ അവതരിപ്പിക്കാനായി നാടകം റിഹേഴ്സൽ ചെയ്യുന്നതിനിടെ ശൗര്യ താഴെ വീണു. ഇതിന്‍റെ പേരിൽ അധ്യാപകർ പരിഹസിച്ചുവെന്നും ഈ സമയത്ത് പ്രധാന അധ്യാപകനും സ്ഥലത്തുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെൻഷൻ തുടരുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ റോബർട്ട് ഫെർണാണ്ടസ് അറിയിച്ചു. പ്രധാന അധ്യാപികയും മറ്റ് അധ്യാപകരും അന്വേഷണത്തോട് സഹകരിക്കണമെന്നും അനുമതിയില്ലാതെ സ്‌കൂൾ സന്ദർശിക്കാനോ വിദ്യാർഥികളുമായോ ജീവനക്കാരുമായോ രക്ഷിതാക്കളുമായോ സംസാരിക്കാനോ പാടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
പ്രധാന അധ്യാപകിയോടും മൂന്ന് അധ്യാപകരോടും രാജിവെക്കാൻ പറഞ്ഞിട്ടില്ലെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ സ്കൂൾ അധ്യാപകരെ തിരിച്ചെടുക്കുമെന്നും മാതാപിതാക്കൾ ആരോപിച്ചു.
ചെറിയ കാര്യങ്ങൾക്കുപോലും വലിയ ശിക്ഷയാണ് സ്കൂൾ അധികൃതർ നൽകുന്നത്. ഇത് അവസാനിപ്പിക്കണമെന്നും ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

