സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസിൽ മൂന്നു പേർക്ക് വധശിക്ഷ; ഒമ്പതു പേർക്ക് ജീവപര്യന്തം
text_fieldsബംഗളൂരു: കർണാടകയെ പിടിച്ചുകുലുക്കിയ 2020 ജൂലൈ 11ലെ പ്രമാദമായ റായ്ച്ചൂർ സിന്ദനൂർ ദുരഭിമാന കൂട്ടക്കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ചു. അഞ്ചു പേർ കൊല്ലപ്പെട്ട കേസിൽ മൂന്ന് പേർക്ക് വധശിക്ഷയും ഒമ്പത് പേർക്ക് ജീവപര്യന്തവുമാണ് സിന്ദനൂർ അഡീ.ജില്ല സെഷൻസ് കോടതി വിധിച്ചത്. വ്യത്യസ്ത ജാതിയിൽപ്പെട്ടവരുടെ പ്രണയവിവാഹത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവ് സന്ന ഫകീരപ്പ(46), ബന്ധുക്കളായ അമ്മണ്ണ(50), സോമശേഖർ (47)എന്നിവർക്കാണ് വധശിക്ഷ. കൂടാതെ 47,000 രൂപ വീതം പിഴയും വിധിച്ചു. കുറ്റക്കാരായ മറ്റ് ഒമ്പത് പേർക്ക് ജീവപര്യന്തം തടവും 97,500 രൂപ വീതം പിഴയും വിധിച്ചു. എറപ്പ (65), ഭാര്യ സുമിത്രമ്മ (55), മക്കളായ നാഗരാജ് (38), ശ്രീദേവി (36), ഹനുമേഷ് (35) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തി എന്നതാണ് കേസ്. എറപ്പയുടെ മരുമകൾ രേവതി, അമ്മ തായമ്മ എന്നിവർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഭിന്നജാതിക്കാരനായ മൗനേഷുമായുള്ള സന്ന ഫകീരപ്പയുടെ മകൾ മഞ്ജുളയുടെ മിശ്ര വിവാഹമാണ് സംഭവത്തിന് കാരണമായത്. വിവാഹത്തിൽ പ്രകോപിതരായ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരകളുടെ വീട്ടിൽ ബലമായി അതിക്രമിച്ച് കയറി അവരെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാരകായുധങ്ങൾ ഉപയോഗിച്ച് നടുറോഡിൽ കൊലപ്പെടുത്തുകയായിരുന്നു. സിന്ദനൂരിലെ സുകൽപേട്ടിൽ താമസിക്കുന്ന മഞ്ജുളയും മൗനേഷും പ്രണയത്തിലായിരുന്നു.
മഞ്ജുളയുടെ കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനിച്ച് വിവാഹിതരായി. തുടർന്ന് ദമ്പതികൾ മഞ്ജുളയുടെ പിതാവിനെ അവരുടെ വീട്ടിൽ സന്ദർശിച്ചിരുന്നു. എന്നാൽ, മിശ്രവിവാഹം ശക്തമായി എതിർത്ത അവരുടെ കുടുംബം അവരെ സ്വീകരിക്കാൻ വിസമ്മതിച്ചു. മൗനേഷിന്റെ മുഴുവൻ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഭീഷണിയെത്തുടർന്ന് ദമ്പതികൾ സിന്ദനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തങ്ങൾക്കും മൗനേഷിന്റെ കുടുംബാംഗങ്ങൾക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ രോഷാകുലരായ മഞ്ജുളയുടെ കുടുംബം മൗനേഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മാതാപിതാക്കളുമായും സഹോദരങ്ങളുമായും സഹോദരിയുമായും വഴക്കുണ്ടാക്കുകയും കുടുംബത്തെ ആക്രമിക്കുകയുമായിരുന്നു. സിന്ദനൂർ പൊലീസ് സ്ഥലത്തെത്തി കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നുതന്നെ പ്രതികളെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

