Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ ആദ്യ...

ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമിത അഞ്ചാം തലമുറ യുദ്ധ വിമാനത്തിന് കൈകോർക്കാൻ മത്സരിക്കുന്നത് മൂന്ന് സ്വകാര്യ കമ്പനികൾ

text_fields
bookmark_border
ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമിത അഞ്ചാം തലമുറ യുദ്ധ വിമാനത്തിന് കൈകോർക്കാൻ മത്സരിക്കുന്നത് മൂന്ന് സ്വകാര്യ കമ്പനികൾ
cancel

ന്യൂഡൽഹി: പ്രതിരോധ വ്യവസായ ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പായി രാജ്യം തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ അഞ്ചാം തലമുറ സ്റ്റെൽത്ത് പോർവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്‍റെ പ്രൊപ്പോസൽ സർക്കാർ പുറത്തിറക്കി. പോർവിമാനം നിർമിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ ഒഴിവാക്കി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, എൽ&ടി-ബിഇഎൽ-ഡൈനാമാറ്റിക് കൺസോർഷ്യം, ഭാരത് ഫോർജ്-ബി.ഇ.എം.എൽ ഡാറ്റ പാറ്റേൺസ് കൺസോർഷ്യം എന്നീ മൂന്ന് സ്വകാര്യ കമ്പനികളെയാണ് സർക്കാർ ക്ഷണിച്ചിരിക്കുന്നത്.

പൂർണമായും സർക്കാർ ധനസഹായത്തോടെയാണ് 15,000 കോടി രൂപയുടെ ഈ പ്രോട്ടോടൈപ്പ് നിർമാണ പദ്ധതി നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ കമ്പനി, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ കീഴിലുള്ള എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയുമായി സഹകരിച്ച് അഞ്ച് ഫ്ലയിംഗ് പ്രോട്ടോടൈപ്പുകളും ഒരു സ്ട്രക്ചറൽ ടെസ്റ്റ് എയർക്രാഫ്റ്റും നിർമിക്കും.

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലുള്ള 650 ഏക്കർ വിസ്തൃതിയുള്ള പുതിയ കേന്ദ്രത്തിലായിരിക്കും നിർമാണ പ്രവർത്തനങ്ങൾ. ഇന്ത്യയിൽ സ്വകാര്യ മേഖലക്ക് പോർവിമാന നിർമാണത്തിന് വാതിൽ തുറക്കുന്ന ചരിത്രപരമായ തീരുമാനമാണിത്. നടപടി വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും അത്യാധുനിക എയ്‌റോസ്‌പേസ് സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നുമാണ് പ്രതീക്ഷ.

2025-ന്റെ മധ്യത്തിൽ ഈ പദ്ധതിക്കായി എ.ഡി.എയും ഡി.ആർ.ഡി.ഒയും താൽപര്യപത്രം ക്ഷണിക്കുകയും ഏഴ് കമ്പനികൾ ബിഡ് സമർപ്പിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയിൽ നടന്ന സാങ്കേതിക മൂല്യനിർണയത്തിന് ശേഷമാണ് മൂന്ന് സ്വകാര്യ കമ്പനികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. ഇവർക്ക് വിശദമായ ബിഡുകൾ സമർപ്പിക്കാൻ രണ്ടോ മൂന്നോ മാസത്തെ സമയം നൽകും. 2027 ജനുവരി-മാർച്ച് മാസത്തിനുള്ളിൽ കരാർ ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ജെറ്റ് വിമാനത്തിന്‍റെ ആദ്യ പറക്കൽ 2028-നും 2032-നും ഇടയിലാണ് പ്രതീക്ഷിക്കുന്നത്. 2035നു ശേഷം വിമാനം പ്രവർത്തന സജ്ജമാകും. പുതിയ കേന്ദ്രത്തിൽ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കുകയും ചെയ്യും. വിമാനം സേനയുടെ ഭാഗമാകുന്നതോടെ, അഞ്ചാം തലമുറ പോർവിമാനങ്ങളുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. 2025 മെയ് മാസത്തിലെ കണക്കുപ്രകാരം അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ ഈ പട്ടികയിലുള്ളത്.

അത്യാധുനിക സ്റ്റെൽത്ത് കോട്ടിംഗുകളും അമേരിക്കൻ, റഷ്യൻ വിമാനങ്ങളിലേതുപോലെ ആന്തരിക ആയുധ അറകളുമുള്ള സിംഗിൾ സീറ്റ്, ട്വിൻ-എഞ്ചിൻ ജെറ്റായിരിക്കും എ.എം.സി.എ. 55,000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുള്ള വിമാനത്തിൽ, ആന്തരിക അറകളിൽ 1,500 കിലോയും പുറമെ 5,500 കിലോയും ആയുധങ്ങൾ വഹിക്കാൻ സാധിക്കും. കൂടാതെ, 6,500 കിലോ ഇന്ധനം വഹിക്കാനുള്ള ശേഷിയും വിമാനത്തിനുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fighter jetIndia NewsLatest News
News Summary - three private companies submitted proposal to build india's first indegenious fighter jet
Next Story