ഉപവാസത്തിനിടെ മരണം: അഗർവാളിന് മുമ്പ് മൂന്നുപേർ
text_fieldsന്യൂഡൽഹി: ഉപവാസത്തിലിരിക്കെ കഴിഞ്ഞദിവസം മരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജി.ഡി. അഗർവാളിന് മുൻഗാമികളായി മൂന്നുപേർ. അഗർവാളിനെപ്പോലെ ഗംഗാനദി പ്രശ്നം ഉയർത്തി ഉപവാസത്തിലിരുന്ന ബിഹാറിലെ ദർഭംഗ ജില്ലക്കാരനായ സ്വാമി നിഗമാനന്ദ് മരിച്ചിരുന്നു. ഏറ്റവും കൂടുതൽ ദിവസം ഉപവാസത്തിലിരുന്നതും ഇദ്ദേഹമാണ്. സമരത്തിെൻറ 114ാം നാളിലായിരുന്നു സ്വാമി നിഗമാനന്ദിെൻറ മരണം. 111ാം നാളിലാണ് അഗർവാൾ മരിച്ചത്. മദിരാശി സംസ്ഥാനത്തിെൻറ പേര് തമിഴ്നാട് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഉപവസിച്ച സ്വാതന്ത്ര്യസമര സേനാനി ശങ്കരലിംഗനാർ, തെലുങ്ക് സംസാരിക്കുന്നവർക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയർത്തി ഉപവസിച്ച ഗാന്ധി ശിഷ്യൻകൂടിയായ പോട്ടി ശ്രീരാമുലു എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.
ഇന്ത്യൻ സമാധാനസേന ശ്രീലങ്കയിൽ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നാരോപിച്ച് നിരാഹാരമിരുന്ന അണ്ണൈ പൂപതി എന്നറിയപ്പെട്ടിരുന്ന പൂപതി കനപത്തിപിൈള്ളയും സമരത്തിനിടയിൽ മരിച്ചവരിൽപെടും. ഇന്ത്യൻ സേന വെടിനിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്ത്യക്കാരിയല്ലെങ്കിലും അണ്ണൈയുടെ സമാന മരണം അയൽരാജ്യത്ത് സംഭവിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ ജയിലുകളിലും ഏറെപേർ ഉപവാസമിരുന്ന് മരിച്ചിട്ടുണ്ട്.
സ്വാമി നിഗമാനന്ദ്
കരിങ്കൽ ക്വാറി മാഫിയ വൻതോതിൽ പാറപൊട്ടിക്കുന്നതുവഴി ഹരിദ്വാറിൽ ഗംഗാനദി അപകടാവസ്ഥയിലായ പ്രശ്നം മുൻനിർത്തിയാണ് സ്വാമി നിഗമാനന്ദ് 2011ഫെബ്രുവരി 19ന് നിരാഹാരം ആരംഭിച്ചത്. 114ാം ദിവസം 2011 ജൂൺ 13നാണ് മരിച്ചത്. ഉത്തരഖണ്ഡിൽ ബി.ജെ.പി സർക്കാറായിരുന്നു അധികാരത്തിൽ. പൊലീസ് ഹരിദ്വാർ ജില്ല ആശുപത്രിയിലേക്കും തുടർന്ന് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റൽ ട്രസ്റ്റ് ആശുപത്രിയിലേക്കും നിഗമാനന്ദിനെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിദ്വാർ ജില്ല ആശുപത്രിയിൽനിന്ന് നൽകിയ മരുന്നുവഴി സ്വാമിയുടെ രക്തത്തിൽ കീടനാശിനി അംശം കലർന്നുവെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ശങ്കരലിംഗനാർ
സ്വാതന്ത്യ സമരസേനാനിയും ഗാന്ധിയനുമായ തമിഴ്നാട്ടിലെ ശങ്കരലിംഗനാർ മദിരാശി സംസ്ഥാനത്തിെൻറ പേര് തമിഴ്നാട് എന്നാക്കി മാറ്റാൻ ആവശ്യപ്പെട്ടാണ്1956 ജൂലൈ 27ന് നിരാഹാരം തുടങ്ങിയത്. 76ാം ദിവസം ഒക്ടോബർ 13ന് മരിച്ചു.
പോട്ടി ശ്രീരാമുലു
മദ്രാസ് പ്രവിശ്യയിലെ തെലുങ്ക് സംസാരിക്കുന്നവർക്ക് ഭാഷാടിസ്ഥാനത്തിൽ പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗാന്ധി ശിഷ്യൻ കൂടിയായിരുന്ന പോട്ടി ശ്രീരാമുലു 1952 ഒക്ടോബർ 19ന് നിരാഹാരം ആരംഭിച്ചത്. 58 ദിവസത്തിനുശേഷം 1952 ഡിസംബർ 15ന് ശ്രീ രാമുലു അന്തരിച്ചപ്പോൾ ആന്ധ്ര കലാപകലുഷിതമായി. നിരവധിയാളുകൾ മരണപ്പെട്ടു. ഇൗ സംഭവത്തെ തുടർന്ന് ആന്ധ്ര സംസ്ഥാനം രൂപവത്കരിക്കുമെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
