കാറിൽ കടത്തുന്നതിനിടെ ഒമ്പത് ലക്ഷത്തിന്‍റെ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
text_fieldsമംഗളൂരു: മുംബൈ, ഗോവ എന്നിവിടങ്ങളിൽനിന്ന് വിതരണത്തിന് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് പേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സൂറത്ത്കൽ കൃഷ്ണപുരയിൽ താമസിക്കുന്ന ഫറങ്കിപേട്ട സ്വദേശി മുഹമ്മദ് നിയാസ് (28), തലപ്പാടിയിലെ കെ. നിഷാദ്(31), മംഗളൂരു പഡിൽ കണ്ണൂരിലെ മുഹമ്മദ് റാസിൻ (24) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ അറിയിച്ചു.
ഒമ്പത് ലക്ഷം രൂപ വില കണക്കാക്കുന്ന 180 ഗ്രാം എം.ഡി.എം.എ, രണ്ട് കാറുകൾ, നാല് മൊബൈൽ ഫോണുകൾ, 22,050 രൂപ, പിസ്റ്റൾ, ഉപയോഗിക്കാത്ത വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. നിയാസ് ഉർവ്വ പൊലീസ് സബ് ഇൻസ്പെക്ടർ, കൊണാജെ പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ എന്നിവരെ അക്രമിച്ചത് ഉൾപ്പെടെ വധശ്രമം, കവർച്ച എന്നിങ്ങനെ ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിൽ പത്ത് കേസുകളിൽ പ്രതിയാണ്.
ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇയാൾക്ക് എതിരെ അറസ്റ്റ് വാറണ്ടുണ്ട്. മുഹമ്മദ് റാസിനെതിരെ മംഗളൂരു കങ്കനാടി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. അസി. കമ്മീഷണർ പി.എ. ഹെഗ്ഡെ, ഇൻസ്പെക്ടർ ശ്യാം സുന്ദർ, സബ് ഇൻസ്പെക്ടർ രാജേന്ദ്ര, കോൺസ്റ്റബിൾമാരായ സുദീപ്, ശരണപ്പ, നരേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

