ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; തെഹ്റാൻ പൊലീസ് നടത്തിയ ഓപറേഷനിലാണ് മോചനം
text_fieldsന്യൂഡൽഹി: ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യൻ പൗരന്മാരെ തെഹ്റാൻ പൊലീസ് രക്ഷപ്പെടുത്തി. ഇന്ത്യയിലെ ഇറാൻ എംബസിയാണ് പൗരന്മാരെ രക്ഷപ്പെടുത്തിയ വിവരം ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചത്. തെക്കൻ തെഹ്‌റാനിലെ വരാമിൻ പട്ടണത്തിൽ പൊലീസ് നടത്തിയ ഓപറേഷനിലാണ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതെന്ന് ഇറാനിലെ മെഹർ ന്യൂസ് ഏജൻസി (എം.എൻ.എ) റിപ്പോർട്ട് ചെയ്യുന്നു.
'കാണാതായ മൂന്ന് ഇന്ത്യൻ പൗരന്മാരെ തെഹ്റാൻ പൊലീസ് മോചിപ്പിച്ചു. ഇറാനിൽ കാണാതായ മൂന്ന് ഇന്ത്യക്കാരെ പൊലീസ് കണ്ടെത്തി വിട്ടയച്ചതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു -ഇറാൻ എംബസിയുടെ എക്സ് പോസ്റ്റിൽ പറയുന്നു.
മേയ് ഒന്നിനാണ് മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോയതായി തെഹ് റാൻ പൊലീസ് റിപ്പോർട്ട് ചെയ്തത്. പഞ്ചാബിൽ നിന്നുള്ള മൂന്നു പേരാണ് ആസ്ട്രേലിയയിലേക്കുള്ള യാത്രാമധ്യേ ഇറാനിലെത്തിയത്. ആസ്ട്രേലിയയിൽ മികച്ച ശമ്പളം ഇവർക്ക് പ്രാദേശിക റിക്രൂട്ടിങ് ഏജൻസി വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, ഇറാനിൽ എത്തിയതിന് പിന്നാലെ മൂന്നു പേരെയും കാണാതായി. കാണാതായവർക്കായി തിരച്ചിൽ നടക്കുന്നതായി മേയ് 29ന് ഇന്ത്യയിലെ ഇറാൻ എംബസി ഔദ്യോഗികമായി അറിയിച്ചിരുന്നു.
പൗരന്മാരെ കാണാതായ സംഭവത്തിൽ ഇറാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങാനുള്ള നടപടി സ്വീകരിക്കുമെന്നും ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.
ഇറാനിലേക്ക് പോയ ബന്ധുക്കളെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയെ അറിയിച്ചിരുന്നു. മൂന്നു പേരെയും കണ്ടെത്താൻ സ്വീകരിക്കുന്ന നടപടികൾ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായും എംബസി അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

