ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: മൂന്ന് ഹിസ്ബുൽ തീവ്രവാദികളെ വധിച്ചു
text_fieldsന്യൂഡൽഹി: സൗത്ത് കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഷ ോപ്പിയാനിലെ വാഞ്ചി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് പൊലീസും 55 രാഷ്ട്രീയ റൈഫിളും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. വാഞ്ചിയിലെ വീട്ടിൽ തമ്പടിച്ച തീവ്രവാദികൾ പ്രദേശം വളഞ്ഞ സൈനികർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ വെടിവെപ്പിലാണ് മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഷോപ്പിയാൻ സ്വദേശികളാണ്. സൈനാപൂർ സ്വദേശിയായ ആദിൽ ശൈഖിനെയും ഉർപുര സ്വദേശി വസീം വാനിയെയുമാണ് തിരിച്ചറിഞ്ഞത്. 2018ൽ ശ്രീനഗറിൽ നിന്നും ആയുധം തട്ടിയെടുത്ത കേസിലെ പ്രതിയാണ് ആദിൽ ശൈഖ്. കൊല്ലപ്പെട്ട മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.
