അവിഹിതം എതിർത്ത ഭർത്താവിനെ കൊന്നു; ഭാര്യയടക്കം മൂന്ന് പേരെ ഗ്രാമീണർ തല്ലിക്കൊന്നു
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ ഗുംല ജില്ലയിൽ വീണ്ടും ആൾകൂട്ട കൊലപാതകം. അവിഹിത ബന്ധം എതിർത്ത ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെയും കാമുകനെയും സുഹൃത്തിനെയുമാണ് ഗുംലയിലെ ഗ്രാമീണർ തല്ലിക്കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവിനെ മൂവരും ചേർന്ന് ശ്വാസം മുട്ടി കൊലപ്പെടുത്തിയതായാണ് വിവരം. മരിച്ചവരുമായി സ്ത്രീയുടെ ബന്ധം ഭർത്താവ് എതിർത്തതിനെത്തുടർന്നാണ് കൊലപാതകമെന്നാണ് കരുതുന്നത്.
സികോയ് പഞ്ചായത്തിലെ ദെരാഗ്ദി ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 24 മണിക്കൂറിനിടെ ഗുംല ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ ആൾകൂട്ട കൊലപാതകമാണിത്.
42കാരനായ മരിയാനസ് കുജൂറിനെയാണ് മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തിയത്. ഇയാളുടെ ഭാര്യ നിലം കജൂറിനെ കാണാനായാണ് സുദീപ് ദുൻദുങ് തിങ്കളാഴ്ച രാത്രി ഗ്രാമത്തിലെത്തിയത്. സുഹൃത്ത് പാകി കുല്ലുവിനോടൊപ്പമാണ് സുദീപ് ഗ്രാമത്തിലെത്തിയത്. കൊലപാതകം ആസുത്രണം ചെയ്ത അവർ രാത്രി തന്നെ കൃത്യം പൂർത്തിയാക്കി.
'ഗ്രാമീണർ നൽകിയ വിവരപ്രകാരം മരിയാനസിൻെറ ഭാര്യയുമായി അവിഹിതബന്ധം പുലർത്തിയ യുവാക്കൾ മറ്റ് സ്ഥലങ്ങളിൽ നിന്നും ഗ്രാമത്തിലെത്തുകയായിരുന്നു. മരിയാനസിനെ കൊലപ്പെടുത്തവേ അദ്ദേഹം അലറിവിളിച്ചു. ഇത് കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അയൽവാസികൾ, ഗ്രാമീണർ എന്നിവർ ചേർന്ന് മൂവരെയും കൊല്ലുകയായിരുന്നു'- ഗുംല പൊലീസ് സൂപ്രണ്ട് പി ജനാർദ്ദനൻ പറഞ്ഞു. സ്ഥലത്തെത്തിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനയച്ചു.
കൊലപാതകത്തിനും ആൾകൂട്ടക്കൊലക്കും വേറെ വേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

