മണിപ്പൂർ വീണ്ടും കത്തുന്നു... വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്, വീടുകൾക്ക് തീയിട്ടു
text_fieldsഇംഫാൽ: മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ വ്യത്യസ്ത വെടിവെപ്പുകളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കുക്കി, തങ്കുൽ നാഗ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന ഗ്രാമത്തിൽ നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ സുരക്ഷാസേന രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവർ സൈനിക വേഷത്തിനു സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഉഖ്രുലിലെ മുള്ളം, ഷോങ്ഫാൽ എന്നിവിടങ്ങളിലെ കുക്കി ഗ്രാമങ്ങളിൽ നാഗാ വിമതർ വെള്ളിയാഴ്ച പുലർച്ചെ ആക്രമണം നടത്തിയതായി കുക്കി സംഘടനകൾ ആരോപിച്ചു. കൊല്ലപ്പെട്ട രണ്ടുപേർ ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകരായിരുന്നുവെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും അവർ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ 5.30 ന് ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് (കോഹൂർ) പറഞ്ഞു. അക്രമികൾ വെടിയുതിർക്കുകയും നിരവധി വീടുകൾ കത്തിക്കുകയും ചെയ്തതായും കോഹൂർ ആരോപിച്ചു.
അതേസമയം, ആരോപണങ്ങൾ തങ്കുൽ നാഗാ സംഘടനകൾ നിഷേധിച്ചു. ഉഖ്രുൽ ജില്ലയിലെ സിനകൈതൈക്ക് സമീപം വെള്ളിയാഴ്ച രാവിലെ 29 കാരനായ ഹോർഷോക്മി ജമാങ് എന്ന ഗ്രാമ വളണ്ടിയർ കൊല്ലപ്പെട്ടതായി തങ്കുൽ നാഗ ലോങ് അറിയിച്ചു. പട്രോളിങ് നടത്തുകയായിരുന്ന തങ്ങളെ കുക്കി വിമതർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ ആഴ്ച ബിഷ്ണുപുർ ജില്ലയിൽ അഞ്ച് വയസ്സുകാരനും അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഉഖ്രുലിൽ നാഗാ-കുക്കി വിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉടലെടുത്തിരിക്കുന്നത്. 1992ൽ ആരംഭിച്ച് ആറ് വർഷത്തോളം നീണ്ടുനിന്ന കുക്കി-നാഗ സംഘർഷത്തിൽ ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. 2023ന് ആരംഭിച്ച കുക്കി-മേയ്തേയ് കലാപത്തിൽ ഇതുവരെ 260 ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

